16 യൂട്യൂബ് ചാനലുകൾക്ക് കൂടി വിലക്ക് ഏർപ്പെടുത്തി കേന്ദ്രം

രാജ്യസുരക്ഷയെ ബാധിക്കുന്ന രീതിയിലുള്ള വ്യാജപ്രചാരണങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടി 16 യൂട്യൂബ് ചാനലുകൾക്ക് വിലക്ക് ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ഇവയിൽ ആറ് യൂട്യൂബ് ചാനലുകൾ പാകിസ്ഥാനിൽ നിന്നാണ് ഓപ്പറേറ്റ് ചെയ്യുന്നത്. ഒരു ഫേസ്ബുക്ക് അക്കൗണ്ടിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
2021ലെ ഐ.ടി നിയമങ്ങളുടെ 18ആം ചട്ടം അനുസരിച്ച് ചാനലുകൾ പ്രക്ഷപണ മന്ത്രാലയത്തിന് വിവരങ്ങൾ നൽകിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടിയെങ്കിലും 18 യൂട്യൂബ് ചാനലുകൾക്ക് നിരോധനം ഏർപ്പെടുത്തി മൂന്ന് ആഴ്ചകൾക്കുള്ളിലാണ് 16 യൂട്യൂബ് ചാനലുകളെ കൂടി നിരോധിച്ചിരിക്കുന്നത്. ഈ ചാനലുകൾക്കെല്ലാം കൂടി 68 കോടിയിലധികം വ്യൂവർഷിപ്പുണ്ട്.
ഇന്ത്യ ആസ്ഥാനമായുള്ള ചില ചാനലുകൾ ഒരു സമുദായത്തെ തീവ്രവാദികളായി പരാമർശിക്കുകയും വിവിധ മത സമുദായങ്ങളിലെ അംഗങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുകയും ചെയ്തു. അത്തരം ഉള്ളടക്കം സാമുദായിക പൊരുത്തക്കേടുകൾ സൃഷ്ടിക്കുന്നതിനും ക്രമസമാധാനം തകർക്കുന്നതിനും സാധ്യതയുള്ളതായി കണ്ടെത്തിയെന്നും വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.