ഷവോമിയുടെ പുതിയ എംഐ ബാൻഡ് 3ഐ ഇന്ത്യൻ വിപണിയിൽ
ഷവോമിയുടെ പുതിയ എംഐ ബാൻഡ് 3ഐ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 1299 രൂപയാണ് വില. എംഐ ബാൻഡ് എച്ച്ആർഎക്സിന്റെ പിൻഗാമിയാണ് പുതിയ പതിപ്പ്. അമോലെഡ് ടച്ച് ഡിസ്പ്ലേ, െസ്റ്റപ്പ് ആൻഡ് കലോറി കൗണ്ടർ, വാട്ടർ റസിസ്റ്റൻസ് തുടങ്ങിയവ എംഐ ബാൻഡ് 3ഐയുടെ മുഖ്യ സവിശേഷതകളാണ്. 128x80 പിക്സൽ റസല്യൂഷനിലുള്ള 0.78 ഇഞ്ച് വലിപ്പമുള്ള അമോലെഡ് ഡിസ്പ്ലേ ആണിതിന്. വിരലടയാളം പതിയാതിരിക്കാനുള്ള ആന്റി ഫിംഗർപ്രിന്റ് കോട്ടിംഗ് ഡിസ്പ്ലേ മങ്ങാതിരിക്കാൻ സഹായിക്കും. 110 എം.എ.എച്ച് ബാറ്ററിയാണ് എം.ഐ ബാന്റ് 3ഐ യിൽ ഉള്ളത്. എം.ഐ ബാൻഡ് എച്ച്ആർഎക്സിൽ 70 എംഎഎച്ച് ബാറ്ററിയായിരുന്നു. പുതിയ എംഐ ബാൻഡിൽ 20 ദിവസത്തോളം ചാർജ് നിൽക്കുമെന്നാണ് കന്പനി അവകാശപ്പെടുന്നത്. െസ്റ്റപ്പ് ട്രാക്കിംഗ് കലോറി ട്രാക്കിംഗ് സൗകര്യത്തിനൊപ്പം മൊബൈൽ നോട്ടിഫിക്കേഷനുകൾ കാണാനുള്ള സൗകര്യവും എംഐ ബാൻഡ് 3ഐയിലുണ്ട്. ഒപ്പം ഫോൺകോൾ കട്ട് ചെയ്യാനും ഇത് ഉപയോഗിച്ച് സാധിക്കും.
ഫൈന്റ് ഡിവൈസ് ആണ് എംഐ ബാൻഡിലെ മറ്റൊരു ഫീച്ചർ. ബാൻഡുമായി ബന്ധിപ്പിച്ച ഫോൺ എവിടെയാണെന്ന് കണ്ടെത്താൻ ഈ സംവിധാനം ഉപയോഗിച്ച് സാധിക്കും. കാലാവസ്ഥാ മുന്നറിയിപ്പ്, അലാറം, ഇവന്റ് റിമൈന്ററുകൾ, സ്ലീപ്പ് ക്വാളിറ്റി മോണിറ്റർ എന്നിവയും ഇതിൽ ലഭ്യമാണ്. 50 മീറ്റർ വരെ ആഴത്തിൽ വാട്ടർ റസിസ്റ്റൻസുള്ള ഉപകരണമാണിത്. അതിനാൽ നീന്തുന്പോഴും, മഴയത്തും, കുളിക്കുന്പോഴുമെല്ലാം ധൈര്യമായി ഇത് ഉപയോഗിക്കാം. ഓടുക, നടക്കുക, സൈക്കിളോടിക്കുക, ട്രെഡ്മിൽ ഉപയോഗിക്കുക തുടങ്ങിയവയ്ക്കിടയിലും എം.ഐ ബാൻഡ് ഉപയോഗപ്പെടുത്താം. ഇതെല്ലാം ഉണ്ടെങ്കിലും മുൻഗാമിയായ എംഐ ബാൻഡ് എച്ച്ആർഎക്സിൽ ഉണ്ടായിരുന്ന ഹാർട്ട്റേറ്റ് മോണിറ്റർ പുതിയ പതിപ്പിലില്ല.

