രാജ്യത്തെ ആദ്യത്തെ ഹൈ പെർഫോമെൻസ് ഇലക്ട്രിക് ബൈക്ക് ഉടൻ എത്തും
ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ ഹൈ പെർഫോമെൻസ് ഇലക്ട്രിക് ബൈക്കായ അൾട്രാവയലെറ്റ് F77 നവംബർ 13ന് അവതരിപ്പിക്കും. ഏവിയേഷൻ എൻജിനിയറിംഗിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ബൈക്കിന്റെ നിർമ്മണമെന്ന് ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇലക്ട്രിക് വാഹന സ്റ്റാർട്ടപ്പായ അൾട്രാവയലെറ്റ് ഓട്ടോമോട്ടീവ് കന്പനി പറയുന്നു. കരുത്തൻ സ്‌പോർട്‌സ് ബൈക്കുകളോട് കിടപിടിക്കുന്ന രൂപഘടനയാണ് സ്‌ട്രെല്ലീസ് ഫ്രെയ്‍മിൽ നിർമ്മിക്കുന്ന ഈ ബൈക്കുകൾക്ക്. ഉയർന്ന പെർഫോമെൻസ് നൽകുന്നതിനൊപ്പം മികച്ച സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ടാകും.
നിരവധി കണക്റ്റിവിറ്റി സംവിധാനങ്ങളുള്ള സ്മാർട്ട് കണക്റ്റഡ് ഇലക്ട്രിക് ബൈക്കാണിത്. റൈഡ് ടെലിമാറ്റിക്‌സ്, റിമോട്ട് ഡയക്‌നോസിസ്, ഓവർ ദി എയർ അപ്‌ഡേറ്റ്‌സ്, റീജനറേറ്റീവ് ബ്രേക്കിംഗ്, മൾട്ടിപ്പിൾ റൈഡ് മോഡുകൾ, റൈഡ് അനലക്റ്റിക്‌സ്, ബൈക്ക് ട്രാക്കിംഗ് തുടങ്ങിയ സംവിധാനങ്ങളും ഇതിലുണ്ടാകും.
ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിന്‍റെ ഹൃദയം. പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ വേഗതയിലെത്താന്‍ 2.7 സെക്കന്‍ഡ് മാത്രം മതിയാകും. ഇന്‍സാന്‍, സ്‌പോർട്ട്, ഇക്കോ എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകളിലാവും വാഹനം എത്തുക. സാധാരണ ബൈക്കുകളിലെ എന്‍ജിന്റെ സ്ഥാനത്താണ് ഇതിലെ ബാറ്ററി പാക്ക്. അതേസമയം ബാറ്ററി റേഞ്ച് സംബന്ധിച്ച സൂചനയെന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. 2020ഓടെ ഈ ബൈക്ക് വാണിജ്യാടിസ്ഥാനത്തിൽ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.

