സ്റ്റിയറിംഗ് ഇല്ലാത്ത കാറുമായി ജനറൽ മോട്ടോഴ്സ്
സ്റ്റിയറിഗും പെഡലുകളും ഇല്ലാത്ത ഫുൾ ഓട്ടോമേഷൻ ടെക്നോളജിയോടുള്ള കാറുമായി ജനറൽ മോട്ടോഴ്സ് എത്തുന്നു. ക്രൂസ് എവി വിഭാഗത്തിൽപ്പെട്ട ഇലക്ട്രിക് കാറിന്റെ പേര് ഷെവർലെ ബോൾട്ട് ഇവി എന്നാണ്. പുതിയ വാഹനം നിരത്തിലിറക്കാൻ തങ്ങൾ സന്നദ്ധരാണെന്നും തങ്ങളുടെ പരീക്ഷണങ്ങൾക്ക് നൂറിൽ നൂറ് മാർക്കും ലഭിച്ചിരിക്കുന്നുവെന്നാണ് ജനറൽ മോട്ടോഴ്സിന്റെ അവകാശവാദം. ഫീനിക്സിലെയും സാൻഫ്രാൻസിസ്‌കോയിലെയും തിരക്കേറിയ നഗരത്തിൽ കാറിന്റെ പരീക്ഷണ ഓട്ടം അവസാനിച്ചതിന് പിന്നാലെയാണ് വാണിജ്യാടിസ്ഥാനത്തിൽ വാഹനം വിൽക്കാൻ തയ്യാറാണെന്ന് ജനറൽ മോട്ടോഴ്സ് അറിയിച്ചത്.
എവിടേയ്ക്ക് പോകണം എന്നത് വാഹനത്തിനുള്ള മാപ്പിൽ ക്ലിക്ക് ചെയ്താൽ വാഹനം തനിയെ നീങ്ങുമെന്നാണ് ജനറൽ മോട്ടോഴ്സ് പറയുന്നത്. ലേസർ സെൻസർ, ക്യാമറ, റഡാർ എന്നിവയെ വാഹനത്തിനുള്ളിലെ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് കാറിന്റെ പ്രവർത്തനം. ഇതിനായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത മാപ്പിംഗ് ടെക്നോളജിയുടെ സഹായത്തോടെയാണ് കാറിന്റെ സഞ്ചാരം. അടുത്ത വർഷം വാഹനം വിപണിയിലെത്തിക്കാൻ സാധിക്കുമെന്നാണ് ജി.എം പ്രതീക്ഷിക്കുന്നത്.