വയനാട്ടിൽ 650 കോടി ചിലവിൽ തുരങ്കപാത നിർമ്മിക്കാൻ പദ്ധതി
താമരശ്ശേരി : മുടിപ്പിൻ വളവുകളും ഗതാഗതക്കുരുക്കും നിറഞ്ഞ താമരശ്ശേരി ചുരം റോഡിന് പകരം ആറര കിലോമീറ്ററോളം മലതുരന്ന് കടന്നുപോകുന്ന വലിയൊരു തുരങ്കപാതയ്ക്ക് ജില്ലയുടെ കിഴക്കൻ മലയോരത്ത് സാധ്യത തെളിയുന്നതായി റിപ്പോർട്ട്. തിരുവന്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ −കള്ളാടി−മേപ്പാടി റോഡിലാണ് തുരങ്കപാതയ്ക്ക് സാധ്യത തേടുന്നത്. മുത്തപ്പൻ പുഴയ്ക്ക് സമീപം മറിപ്പുഴ കഴിഞ്ഞുള്ള സ്വർഗം കുന്നിൽനിന്ന് ആരംഭിച്ച് വയനാട്ടിലെ മേപ്പാടിക്ക് സമീപം കള്ളാടിയിൽ ചെന്നുചേരുന്ന തുരങ്കപാതയാണ് ലക്ഷ്യമിടുന്നത്. തുരങ്കപാത നിർമ്മിക്കാനുള്ള ചിലവ് കിലോമീറ്ററിന് ഏതാണ്ട് നൂറുകോടി രൂപയാകുമെന്നാണ് കണക്കാക്കുന്നത്. നാലുവരി പാതയാണ് ലക്ഷ്യമിടുന്നത്. പതിനഞ്ച് മീറ്റർ വീതിയിലായിരിക്കും തുരങ്കപാത.
ജോർജ് എം. തോമസ് എം.എൽ.എ.യുടെ നേതൃത്വത്തിലാണ് ഇതിനുള്ള പരിശ്രമങ്ങൾ നടക്കുന്നത്. 2014−ൽ തുരങ്കപാതയ്ക്കായി പൊതുമരാമത്ത് വകുപ്പ് സാധ്യതാപഠനം നടത്തിയിരുന്നു. പാത നിർമ്മിക്കാൻ് അനുയോജ്യമാണെന്ന് റിപ്പോർട്ടും അന്ന് നൽകിയിരുന്നു. പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ കൊങ്കൺ റെയിൽവേയെത്തും. തുരങ്കപാതയ്ക്ക് വേണ്ടി വിശദമായ പഠനം ന
ടത്തി പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കാൻ കൊങ്കണ് റെയിൽവേ കോർപ്പറേഷന് ലിമിറ്റഡ് വന്നിട്ടുണ്ട്.
മെട്രോ റെയിൽ കോർപ്പറേഷന്റെ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്റെ ഇടപെടലിനെത്തുടർന്നാണ് കൊങ്കൺ റെയിൽവേ ഇതിന് സന്നദ്ധത അറിയിച്ചത്. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിതലത്തിൽ കരാർ രേഖ തയ്യാറാക്കുന്നത് അന്തിമഘട്ടത്തിലാണെന്ന് ജോർജ് എം. തോമസ് എം.എൽ.എ. പറഞ്ഞു. ഇത് മന്ത്രിസഭ അംഗീകരിച്ച ശേഷം പ്രവൃത്തി കൊങ്കൺ റെയിൽവേ ഏറ്റെടുക്കും.
ബാംഗളൂരു- −എറണാകുളം യാത്രയിൽ ഇരുപത് കിലോമീറ്ററോളം ലാഭിക്കാൻ ഈ പാത വഴിതെളിക്കും. തുരങ്കപാത കടന്നുപോകുന്നിടത്തെ വനത്തിനോ വന്യജീവികൾക്കോ പ്രയാസമുണ്ടാക്കാത്തതായതിനാൽ പദ്ധതിക്ക് പാരിസ്ഥിതികാനുമതി ലഭിക്കാൻ എളുപ്പമാണെന്നാണ് കണക്കുകൂട്ടുന്നത്.