മത്സ്യത്തിന്റെ കയറ്റുമതി താത്കാലികമായി നിരോധിച്ച് ബഹ്റൈൻ

രാജ്യത്തെ സമുദ്രസമ്പത്ത് സംരക്ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായി മത്സ്യത്തിന്റെ കയറ്റുമതി താത്കാലികമായി ബഹ്റൈൻ നിരോധിച്ചു. ഇതോടൊപ്പം ചില മത്സ്യങ്ങളെ പിടിക്കുന്നതിന് രണ്ട് മാസത്തെ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് പ്രസിഡണ്ട് ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫയാണ് ഇത് സംബന്ധിച്ച ഉത്തരവ് നൽകിയത്. ഇത് പ്രകാരം ഞണ്ടുകളും, ജെല്ലിഫിഷുകളും ഒഴികെ എല്ലാ വിധ കടൽ വിഭവങ്ങൾക്കും കയറ്റുമതി നിരോധനമുണ്ട്.
ശീതീകരിച്ചതോ, ഉപ്പിലിട്ടതോ, ടിന്നിലടച്ചതോ ആയ മത്സ്യവിഭവങ്ങൾക്കും തീരുമാനം ബാധകമാണ്. അതേസമയം മത്സ്യഫാമിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് നിരോധനം ബാധകമല്ലെന്നും ഉത്തരവിൽ പറയുന്നു. ഷേരി, സാഫി, അന്തക് എന്നീ മത്സ്യങ്ങൾ പിടിക്കുന്നതിനാണ് ഏപ്രിൽ, മെയ് മാസങ്ങളിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം ഇതുസംബന്ധിച്ച നിരോധനം മെയ് മാസം മാത്രമേ ബാധകമാകൂ. നേരത്തേ ചെമ്മീൻ പിടിക്കുന്നതും ആറ് മാസത്തേക്ക് രാജ്യത്ത് നിരോധിച്ചിരുന്നു.
ംമന്ം