ടെന്‍റ് സീസണിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു; ആദ്യ മണിക്കൂറിനുള്ളിൽ ലഭിച്ചത് 1850 അപേക്ഷകൾ

ശീതകാലത്തോടനുബന്ധിച്ച് രാജ്യത്ത് ഉണ്ടാവുന്ന ടെന്‍റ് സീസണിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഇതിന്റെ ആദ്യ മണിക്കൂറിനുള്ളിൽ തന്നെ 1850 അപേക്ഷകൾ ലഭിച്ചതായി ദക്ഷിണ മേഖല ഗവർണർ ശൈഖ് ഖലീഫ ബിൻ അലി ആൽ ഖലീഫ വ്യക്തമാക്കി. ആഴ്ച തോറും തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ടെന്‍റിന് കാഷ് അവാർഡ് നൽകുമെന്ന യുവജന, ചാരിറ്റി കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്‍റെ പ്രതിനിധി ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫയുടെ പ്രഖ്യാപനത്തെയും ഗവർണർ സ്വാഗതം ചെയ്തു.
നവംബർ 10 മുതൽ 2024 ഫെബ്രുവരി 29 വരെയുള്ള ഓരോ ആഴ്ചയിലുമാണ് വിലയിരുത്തലിലൂടെ മികച്ച ടെന്‍റുകൾ തിരഞ്ഞെടുക്കുക. കഴിഞ്ഞ നാല് വർഷമായി മുടങ്ങിക്കിടന്നിരുന്ന ടെന്‍റ് സീസൺ കോവിഡിന് ശേഷം ഇതാദ്യമായാണ് ഈ വർഷം പുനരാരംഭിക്കുന്നത്. ടെന്‍റ് കെട്ടുന്നവർക്കുള്ള സുരക്ഷാ നിർദേശങ്ങളും സ്ഥലവും നമ്പറും ഓൺലൈനായി ലഭ്യമാക്കുന്ന സംവിധാനമാണുള്ളത്. സതേൺ ഗവർണറേറ്റ്, ആഭ്യന്തര മന്ത്രാലയം, ബാപ്‌കോ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഇത്തവണ സീസൺ ഒരുക്കുന്നത്. തണുത്ത കാലാവസ്ഥ ആസ്വദിച്ച് ക്യാമ്പിങ് നടത്താൻ ഇത്തവണയും ആയിരങ്ങൾ എത്തുമെന്നാണ് കരുതുന്നത്.
്ിുുപ