വിദേശ തൊഴിലാളികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഉടൻ

ഹക്കീം(ജ്ഞാനി) എന്ന പേരിൽ വിദേശ തൊഴിലാളികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി രാജ്യത്ത് സെപ്റ്റംബറോടെ ആരംഭിക്കും. 2024ഓടെ പദ്ധതി പൂർണമായും നടപ്പിൽ വരുമെന്ന് സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് സെക്രട്ടറി ജനറൽ ഇബ്രാഹിം അൽ നവഖാദ പറഞ്ഞു. നിർബന്ധിതവും, ആവശ്യക്കാർക്കു മാത്രം ചേരാവുന്നതും ആയ രണ്ട് പ്രോഗ്രാമുകളാണ് ഹക്കീം പദ്ധതിയിൽ ഉള്ളത്. നിർബന്ധിത ഹെൽത്ത് ഇൻഷുറൻസ് വിദേശികളായ തൊഴിലാളികൾക്കുവേണ്ടിയുള്ളതാണ്. ഇതിനാവശ്യമായ തുക തൊഴിലുടമയോ സ്പോൺസറോ നൽകണം. ഇതിൽ ചേരുന്നത് വഴി പ്രാഥമിക ചികിത്സ സൗകര്യങ്ങൾ നിശ്ചിത പ്രായപരിധിയിലുള്ള തൊഴിലാളികൾക്ക് ലഭിക്കും. അടിയന്തര ചികിത്സയും ലഭിക്കും. ആവശ്യമെങ്കിൽ വിദഗ്ധ ചികിത്സയും ഇവർക്ക് ലഭിക്കുന്ന രീതിയിലാണ് ആലോചിക്കുന്നത്.
എന്നാൽ, പ്രസവം, സൗന്ദര്യചികിത്സകൾ എന്നിവക്ക് ഈ ആനുകൂല്യങ്ങൾ ലഭിക്കില്ല. ഓപ്ഷനലായ പദ്ധതിക്ക് തൊഴിലാളികൾ പ്രത്യേകം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. സ്വകാര്യ ഇൻഷുറൻസ് കമ്പനികളിൽനിന്നാണ് ഈ പാക്കേജ് എടുക്കേണ്ടത്. സ്വകാര്യ ആശുപത്രികളിലേക്ക് വിദേശ തൊഴിലാളികളെ ആകർഷിക്കുകയും പദ്ധതിയുടെ ലക്ഷ്യമാണ്. അത് സ്വകാര്യ മേഖലയുടെ വളർച്ചക്കും കാരണമാകും. എന്നാൽ, സർക്കാർ ആശുപത്രികളിൽ പോകാനുള്ള അവകാശത്തെ തടയുമെന്ന് അതിന് അർഥമില്ലെന്നും സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് സെക്രട്ടറി ജനറൽ പറഞ്ഞു. എല്ലാ പദ്ധതികളും സെഹാതി ഇൻഷുറൻസ് പ്രോഗ്രാമിന്റെ ഭാഗമായാണ് നടപ്പാക്കുന്നത്. പൗരന്മാർക്കും വിദേശികൾക്കും സഞ്ചാരികൾക്കും ആരോഗ്യപരിരക്ഷ നൽകുക എന്ന ലക്ഷ്യമാണ് പദ്ധതിക്കുള്ളത്.
3464