മനു കെ രാജൻ അനുസ്മരണം സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ I വോയ്‌സ് ഓഫ് ആലപ്പി സജീവ പ്രവർത്തകനും, വോയ്‌സ് ഓഫ് ആലപ്പി വടംവലി ടീം അംഗവുമായിരുന്ന മനു കെ. രാജന്റെ ആകസ്മിക വേർപാടിൽ ബഹ്റൈനിലെ വോയ്‌സ് ഓഫ് ആലപ്പി അനുശോചനയോഗം സംഘടിപ്പിച്ചു. അവധിക്കായി നാട്ടിലേക്ക് പോയ മനു, വീടിനടുത്തുവെച്ച് നടന്ന ബൈക്ക് അപകടത്തിൽ ജൂലൈ 31-ന് മരണപ്പെടുകയായിരുന്നു. നാട്ടിലെത്തി ഒരാഴ്ചയ്ക്കുള്ളിലാണ് അപകടം സംഭവിച്ചതും മരണത്തിന് കീഴടങ്ങിയതും. മുപ്പത്തഞ്ച് വയസ്സ് മാത്രമായിരുന്നു അദ്ദേഹത്തിന് പ്രായം.
സൽമാനിയയിലെ കലവറ ഹാളിൽ നടന്ന അനുശോചനയോഗത്തിൽ വോയ്‌സ് ഓഫ് ആലപ്പി ട്രെഷറർ ബോണി മുളപ്പാംപള്ളിൽ ആമുഖ അനുസ്മരണം നടത്തി. തുടർന്ന് മൗനപ്രാർത്ഥനയ്ക്ക് ശേഷം പുഷ്പാർച്ചന നടത്തി. വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം, ജനറൽ സെക്രട്ടറി ധനേഷ് മുരളി എന്നിവർ അനുസ്മരിച്ച് സംസാരിക്കുകയും, ഏകമകനെ നഷ്ടപ്പെട്ട ആ കുടുംബത്തെ ചേർത്ത് നിർത്തേണ്ടതിന്റെ ആവശ്യകത വിവരിക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് അനസ് റഹിം, ജോയിന്റ് സെക്രട്ടറി ജോഷി നെടുവേലിൽ, മീഡിയ വിംഗ് കൺവീനർ ജഗദീഷ് ശിവൻ എന്നിവരും അനുസ്മരിച്ച് സംസാരിച്ചു.
വടംവലി ടീം അംഗമായിരുന്ന മനുവിന്റെ വിയോഗം ടീമിന് നികത്താനാവാത്ത വിടവാണെന്നും, ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ മനു തങ്ങൾക്ക് എല്ലാവർക്കും ഒരു അനുജനെപ്പോലെ ആയിരുന്നെന്നും വോയ്‌സ് ഓഫ് ആലപ്പി സ്പോർട്സ് വിംഗ് കൺവീനർ ഗിരീഷ് ബാബു അനുസ്മരിച്ചു. വോയ്‌സ് ഓഫ് ആലപ്പി റിഫാ ഏരിയ അംഗമായിരുന്ന മനുവിന്റെ വിയോഗം തങ്ങൾക്കാർക്കും ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ലെന്ന് റിഫാ ഏരിയ പ്രസിഡന്റ് പ്രസന്നകുമാർ അനുസ്മരിച്ചു. ബഹ്‌റൈൻ ടഗ് ഓഫ് വാർ അസോസിയേഷൻ സെക്രട്ടറി അലക്സ് പൗലോസ്, മനുവിന്റെ അടുത്ത സുഹൃത്തും വോയ്‌സ് ഓഫ് ആലപ്പി അംഗവുമായ അഭിലാഷ് മണിയൻ, ലേഡീസ് വിങ്ങിനുവേണ്ടി എക്സിക്യൂട്ടീവ് അംഗം നന്ദന പ്രശോഭ് ഉൾപ്പെടെ നിരവധിപ്പേർ അനുസ്മരിച്ച് സംസാരിച്ചു.
വോയ്‌സ് ഓഫ് ആലപ്പി ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, ഏരിയ ഭാരവാഹികൾ, ലേഡീസ് വിംഗ് അംഗങ്ങൾ, മനുവുമായി ഏറ്റവും കൂടുതൽ വൈകാരിക ബന്ധമുള്ള വടംവലി ടീം അംഗങ്ങൾ ഉൾപ്പെടെ നിരവധിപ്പേർ അനുശോചന യോഗത്തിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസം വോയ്‌സ് ഓഫ് ആലപ്പി വടംവലി കോർട്ടിൽ വെച്ച് വടംവലി ടീമിന്റെ നേതൃത്വത്തിൽ അനുസ്മരണം സംഘടിപ്പിച്ചിരുന്നു.
aa