ഇരട്ടത്താപ്പ് അംഗീകരിക്കില്ല: എണ്ണ ഇറക്കുമതിയിൽ ട്രംപിനും യൂറോപ്യൻ യൂണിയനും ശക്തമായ മറുപടിയുമായി ഇന്ത്യ

ഷീബ വിജയൻ
ന്യൂഡൽഹി I റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതിചെയ്യുന്നതിനെച്ചൊല്ലി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും യൂറോപ്യൻ യൂണിയനും ഇന്ത്യയെ വിമർശിക്കുന്നതിൽ ശക്തമായ മറുപടിയുമായി വിദേശകാര്യമന്ത്രാലയം. യുക്രെയ്ൻ യുദ്ധം തുടങ്ങിയപ്പോഴാണ് ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതി തുടങ്ങിയത്. അന്നുതൊട്ട് യുഎസും യൂറോപ്യൻ യൂണിയനും ഇന്ത്യയെ ഉന്നംവയ്ക്കുന്നുവെന്നും വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി. യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് പരമ്പരാഗത ഇറക്കുമതിമാർഗങ്ങൾ തടയപ്പെട്ടതോടെയാണ് റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതി തുടങ്ങിയത്. അക്കാലത്ത് യുഎസ് അതിനെ പ്രോത്സാഹിപ്പിച്ചിരുന്നു. എണ്ണയുടെ ആഗോളവിപണി ശക്തമാക്കുമെന്നാണ് അന്ന് പറഞ്ഞിരുന്നതെന്നും വിദേശകാര്യമന്ത്രാലയം പത്രക്കുറിപ്പിൽ വിശദീകരിച്ചു. ഇന്ത്യയെ വിമർശിക്കുന്ന പല രാജ്യങ്ങളും റഷ്യയുമായി എണ്ണയിടപാട് നടത്തിയിരുന്നു. യുഎസ് യുറേനിയവും വൈദ്യുതവാഹനങ്ങൾക്കുവേണ്ട ഘടകങ്ങളും പ്രത്യേക രാസവസ്തുക്കളും വളങ്ങളും റഷ്യയിൽനിന്ന് വാങ്ങുന്നുണ്ട്. യൂറോപ്പ്-റഷ്യ വ്യാപാരത്തിൽ ഊർജ്ജം മാത്രമല്ല, വളങ്ങൾ, ഖനന ഉൽപ്പന്നങ്ങൾ, രാസവസ്തുക്കൾ, ഇരുമ്പും ഉരുക്കും, യന്ത്രസാമഗ്രികളും ഗതാഗത ഉപകരണങ്ങളും ഉൾപ്പെടുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയെ കുറ്റപ്പെടുത്തുന്നത് നീതീകരിക്കാനാകില്ല. മറ്റു പ്രധാന സാമ്പത്തികശക്തികളെപ്പോലെ ഇന്ത്യക്കും രാജ്യതാത്‌പര്യങ്ങളും സാമ്പത്തിക സുരക്ഷിതത്വവും പരിഗണിക്കേണ്ടതുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
ADFDFSSDDFS