ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ സമ്മർ ക്യാമ്പ് ‘കളിക്കളം 2023’ രജിസ്ട്രേഷൻ തുടങ്ങി

ബഹ്‌റൈൻ കേരളീയ സമാജം എല്ലാ വർഷവും കുട്ടികൾക്കായി നടത്തിവരാറുള്ള 45 ദിവസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പ് ‘കളിക്കളം 2023’ രജിസ്ട്രേഷൻ തുടങ്ങി. ജൂലൈ നാലു മുതൽ ആഗസ്റ്റ് 18 വരെ നടക്കുന്ന ക്യാമ്പിന് നേതൃത്വം കൊടുക്കുന്നത് പ്രശസ്ത തിയറ്റർ നാടകപ്രവർത്തകനായ തുളസിദാസാണ്. അദ്ദേഹത്തോടൊപ്പം വിവിധ മേഖലകളിൽ പ്രഗത്ഭരായ പതിനഞ്ചോളം സമാജം അംഗങ്ങളും ക്യാമ്പിൽ പരിശീലകരായി മുഴുവൻ സമയവും ഉണ്ടായിരിക്കും. തിരക്കഥ, ഡോക്യുഫിലിം, സംവിധാനം എന്നീ മേഖലയിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. കുട്ടി പാട്ടുകൾ, കുട്ടി കഥകൾ, സംഗീതം, നൃത്തം, സാഹിത്യം, നാടൻപാട്ട്, ചിത്രരചന, പത്രനിർമാണം, ആരോഗ്യ ബോധവത്കരണം, നേതൃപരിശീലനം, പ്രസംഗ പരിശീലനം, കൂടാതെ കൊച്ചംകുത്ത്, ഉപ്പുംപക്ഷി, കണ്ണുകെട്ടിക്കളി, തുമ്പക്കളി, അടിച്ചോട്ടം തുടങ്ങി നിരവധി നാടൻകളികൾ, കരാട്ടേ, ബാഡ്മിന്റൺ, ബാസ്കറ്റ്ബാൾ, തുടങ്ങി കായികവിനോദങ്ങൾ, കായികമത്സരങ്ങൾ എന്നിങ്ങനെ വ്യത്യസ്തതയാർന്ന പരിപാടികളാണ് ഈ വർഷത്തെ ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
അഞ്ചു വയസ്സ് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് ക്യാമ്പിൽ പ്രവേശനം. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അഭ്യർഥിച്ചു. രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കുമായി ജനറൽ കൺവീനർ മനോഹരൻ പാവറട്ടി (39848091), ക്യാമ്പ് കൺവീനർമാരായ മായ ഉദയൻ (36604931), ജയ രവികുമാർ (36782497) എന്നിവരുമായോ സമാജം ഓഫിസുമായോ (17251878) ബന്ധപ്പെടണം.
r6ur6u