വളപട്ടണത്തെ ചുവപ്പിച്ചത് സുബൈർ കണ്ണൂരിന്റെ നേതൃത്വം

മനാമ: ഒന്ന് തൊട്ടുനോക്കാൻ പോലും ഇടതുമുന്നണിയിലെ ഒരംഗം പോലുമില്ലാതിരുന്ന കണ്ണൂർ ജില്ലയിലെ വളപട്ടണം പഞ്ചായത്തിനെ ചുവപ്പിച്ചെടുക്കാൻ നേതൃത്വം നൽകിയത് ബഹ്റിനിലെ സാമൂഹ്യ പ്രവർത്തകനും പ്രതിഭയുടെ സജീവ പ്രവർത്തകനുമായ സുബൈർ കണ്ണൂർ. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിച്ച രണ്ട് സീറ്റും വളപട്ടണം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനും ഇടത് മുന്നണി പിടിച്ചത് ജനകീയ മുന്നണിയെ കൂട്ട് പിടിച്ച് സുബൈറിന്റെ നേതൃത്വത്തിൽ നടത്തിയ ചിട്ടയായ പ്രവർത്തനം കൊണ്ടാണ്.
സാമൂഹ്യ പ്രവർത്തന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച സുബൈറിന്റെ നിർദ്ദേശപ്രകാരം മാസങ്ങൾക്ക് മുന്പേ ജനങ്ങളുടെ ഇടയിൽ കാരുണ്യ പ്രവർത്തനങ്ങളും നാട്ടുകാർക്ക് പ്രയോജനമുള്ള നിരവധി കാര്യങ്ങളും പാർട്ടിയുടെ നേതൃത്വത്തിൽ നടപ്പിലാക്കി. ശക്തമായ പാർട്ടി ബന്ധം നോക്കാതെ വിജയിക്കുന്നവർക്ക് സീറ്റ് നൽകുക എന്നതിന് മുൻ ഗണന നൽകുകയും ചെയ്തു.
സുബൈറിനോടോപ്പം എൽ.ഡി. എഫ് നേതാക്കളായ എൻ സലിം, എൻ.പി അബ്ദുൾ സമദ് എന്നിവരും കൈകൊർത്തതോടെ ലീഗിന്റെ കുത്തക സീറ്റുകൾ തകരുകയും, പാർട്ടി ലക്ഷ്യം കാണുകയുമായിരുന്നു. പ്രവാസ ലോകത്തും നിരവധി സാമൂഹ്യ പ്രവർത്തനങ്ങൾ കാഴ്ച െവച്ചിട്ടുള്ള സുബൈർ ബഹ്റിനിൽ വളരെക്കാലമായി പ്രവാസി സമൂഹത്തിൽ പ്രവർത്തിക്കുന്നു. ഈയിടെ കല കുവൈത്തിന്റെ പ്രവാസി പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.