ആഭ്യന്തര കാര്യങ്ങളിൽ മറ്റുള്ളവർ ഇടപെടുന്നത് അവസാനിപ്പിക്കാൻ നടപടി വേണമെന്ന് ബഹ്റൈൻ രാജാവ്

ഓരോ രാജ്യങ്ങളുടെയും ആഭ്യന്തര കാര്യങ്ങളിൽ മറ്റുള്ളവർ ഇടപെടുന്നത് അവസാനിപ്പിക്കാൻ നടപടി വേണമെന്ന് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ വ്യക്തമാക്കി. ഇന്നലെ സൗദി അറേബ്യയിലെ ജിദ്ദയിൽ നടന്ന സുരക്ഷ, വികസന ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ വെല്ലുവിളികൾ തരണം ചെയ്യാൻ ശ്രദ്ധാപൂർവമായ സമീപനം ആവശ്യമാണെന്നും, ഭീകരവാദത്തെയും തീവ്രവാദ ആശയങ്ങളെയും നിരോധിത സംഘടനകളെയും നേരിടാനും കൂട്ടായ പരിശ്രമം വേണമെന്നും ഉച്ചകോടിയിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. ആഗോള ഊർജ വില സ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതിന്റെ പ്രാധാന്യവും ബഹ്റൈൻ രാജാവ് ചൂണ്ടികാട്ടി.
ഉച്ചകോടിയിൽ പങ്കെടുത്ത അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനുമായി ബഹ്റൈൻ രാജാവ് കൂടിക്കാഴ്ച നടത്തി. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും കൂടികാഴ്ച്ചയിൽ പങ്കെടുത്തു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അടക്കമുള്ള അറബ് നേതാക്കളും ബഹ്റൈൻ ഭരണാധികാരികളുമായി വിവിധ വിഷയങ്ങളിൽ ചർച്ച നടത്തി.