വനിതാ ഐപിഎൽ ആരംഭിക്കുന്നതിനുള്ള നീക്കങ്ങളുമായി ബിസിസിഐ
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വൻ വിജയത്തിനു ശേഷം വനിതാ ഐ പി എൽ ആരംഭിക്കുന്നതിനുള്ള അവസാനവട്ട ഒരുക്കങ്ങളുമായി ബിസിസിഐ. ക്രിക്കറ്റ് ബോർഡ് അദ്ധ്യക്ഷൻ സൗരവ് ഗാംഗുലി തന്നെയാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. ഇതിനു പുറമേ വനിതാ ടി ട്വന്റി ചലഞ്ചും ഈ സീസൺ മുതൽ പുനരാരംഭിക്കും. കൊവിഡിനെ തുടർന്ന ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് വനിതാ ടി ട്വന്റി ചലഞ്ച് പുനരാരംഭിക്കുന്നത്.
വനിതാ ഐ പി എല്ലിന്റെ ആദ്യ സീസണിൽ അഞ്ച് മുതൽ ആറ് ടീമുകളെ വരെ പങ്കെടുപ്പിക്കാനാണ് ബിസിസി ഐ പദ്ധതിയിടുന്നത്. നിലവിൽ പുരുഷ ഐപിഎല്ലിൽ ടീമുകളുള്ള എല്ലാ ഫ്രാഞ്ചൈസികൾക്കും വനിതാ ഐപിഎല്ലിൽ ടീമുകളെ സ്വന്തമാക്കാൻ ആദ്യ അവസരം നൽകും. അതിനു ശേഷം മാത്രമായിരിക്കും പുറത്തു നിന്നുള്ളവർക്ക് അവസരം ലഭിക്കുക.
ബിസിസിഐയുടെ എജിഎം നിലവിലെ തീരുമാനങ്ങൾ അംഗീകരിക്കേണ്ടതുണ്ടെന്നും അതിനു ശേഷം മാത്രമേ വനിതാ ഐപിഎൽ എന്ന് മുതൽ ആരംഭിക്കുമെന്ന് വ്യക്തമായി പറയാൻ സാധിക്കുകയുള്ളൂവെന്ന് ബിസിസിഐ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലി പറഞ്ഞു. അടുത്ത സീസൺ മുതൽ വനിതാ ഐപിഎൽ ആരംഭിക്കാൻ സാധിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷങ്ങളിൽ നടത്തിയതു പോലെ നാലു വനിതാ ടീമുകളെ ഉൾപ്പെടുത്തിയ ചെറിയ ടൂർണമെന്റ് ഇത്തവണയും ഉണ്ടാകുമെന്ന് ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ അറിയിച്ചു. പൂനെയിൽ വച്ചായിരിക്കും ഇത്തവണത്തെ വനിതാ ടൂർണമെന്റെന്നും മുൻ വർഷങ്ങളിലേത് പോലെ ഐ പി എല്ലിന്റെ പ്ളേ ഓഫ് ഘട്ടത്തിനൊപ്പമായിരിക്കും വനിതാ ടി ട്വന്റി മത്സരങ്ങളും നടത്തുകയെന്ന് പട്ടേൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.