നവ്യനായരുടെ തിരിച്ചുവരവ് ചിത്രം "ഒരുത്തി" നാളെ തിയറ്ററിൽ
"ഒരുത്തി"യെ സ്വീകരിക്കാനൊരുങ്ങി പ്രവാസലോകവും. നീണ്ട ഇടവേളയ്ക്ക് ശേഷം വ്യത്യസ്തവും കരുത്തുറ്റതുമായ കഥാപാത്രമായി നവ്യനായർ തിരിച്ചു വരുന്ന മലയാള ചിത്രമായ "ഒരുത്തി" നാളെ പ്രവാസ ലോകത്തും റിലീസ് ചെയ്യും. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്‌ദുൾ നാസർ നിർമിക്കുന്ന ഒരുത്തീ, എഴുതിയിരിക്കുന്നത് എസ് സുരേഷ് ബാബുവും സംവിധാനം ചെയ്തിരിക്കുന്നത് വി കെ പ്രകാശുമാണ്. നവ്യ നായർക്കൊപ്പം വിനായകൻ, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, അരുൺ നാരായൺ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, ചാലി പാല എന്നിങ്ങനെ ശക്തമായ ഒരു താര നിര തന്നെ അണിനിരക്കുന്നുണ്ട്.
രാധാമണിയെന്ന ഒരു സാധാരണക്കാരിയായ സ്ത്രീയും അവളുടെ കുടുംബത്തിലൂടെയുമാണ് ഒരുത്തീയെന്ന സിനിമ യാത്ര ചെയ്യുന്നത്. മൂന്നു ദിവസങ്ങളിൽ അവർ നേരിടേണ്ടി വരുന്ന അപ്രതീക്ഷിത പ്രശ്നങ്ങളും അതിനെയൊക്കെ രാധാമണി എങ്ങെനെ അതിജീവിക്കുമെന്നുമാണ് ചിത്രം പറയുന്നത്. കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങളും ബന്ധങ്ങളിലെ വൈകാരികതയും ആവേശഭരിതമായി പറഞ്ഞു പോകുന്ന ചിത്രം പ്രേക്ഷകർക്ക് ഇഷ്ടപ്പെടുകയും സ്വന്തം ജീവിതമായി കൂട്ടിവായിക്കാൻ കഴിയുന്ന ഒന്നുമാകുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
ജിംഷി ഖാലിദാണ് ഒരുത്തീയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാൻഡുമാണ്. ആലങ്കോട് ലീലാകൃഷ്ണൻ, ഹരി നാരായണൻ, അബ്രു മനോജ് ഗാനരചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കറാണ്. രതീഷ് അമ്പാടി മേക്കപ്പ് കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ വസ്‌ത്രാലങ്കാരം സമീറ സനീഷാണ്. ഡിക്സൺ പോടുതാസ് പ്രൊഡക്ഷൻ കൺട്രോളറും കെ ജെ വിനയൻ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറുമാണ്.

