വീണ്ടും കൊവിഡ് വ്യാപനം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
രാജ്യങ്ങളിൽ വീണ്ടും കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. മഞ്ഞുമലയുടെ അറ്റമെന്നാണ് നിലവിലെ രോഗവ്യാപനത്തെ ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനം ഗെബ്രിയേസസ് വിശേഷിപ്പിച്ചത്.
കഴിഞ്ഞ ആഴ്ചത്തെ അപേക്ഷിച്ച് ആഗോള തലത്തിൽ പുതിയെ കൊവിഡ് കേസുകളിൽ എട്ട് ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. മാർച്ച് ഏഴ് മുതൽ പതിനൊന്ന് വരെ 1 കോടിയിലേറെ കൊവിഡ് കേസുകളും 43000 കൊവിഡ് മരണങ്ങളും ലോകത്ത് റിപ്പോർട്ട് ചെയ്തു.
രോഗവ്യാപനത്തിനെതിരെ രാജ്യങ്ങൾ ജാഗ്രത പാലിക്കണമെന്നും വരാനിരിക്കുന്ന കൊവിഡ് വ്യാപന തരംഗത്തിന്റെ ചെറിയൊരു അംശം മാത്രമാണിതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 25 ശതമാനം വർധനവാണ് ഈ മേഖലകളിൽ കൊവിഡ് വ്യാപനത്തിൽ ഉണ്ടായിരിക്കുന്നത്.
ആഫ്രിക്കൻ മേഖലകളിൽ 12 ശതമാനവും യൂറോപ്പിൽ രണ്ട് ശതമാനവും. കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ, കൂടുതൽ വ്യാപന ശേഷിയുള്ള ഒമിക്രോൺ വകഭേദം, ഉപവിഭാഗം, കൊവിഡ് വാക്‌സിനേഷനിലെ കുറവ് എന്നിവയാണ് വീണ്ടും കേസുകൾ വർധിക്കുന്നതിന് ലോകാരോഗ്യ സംഘടന കാരണമായി പറയുന്നത്.
അതേസമയം ലോകം കൊവിഡ് ആശങ്കയിൽ നിന്നും മുക്തി പ്രാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പുതിയ ഒമൈക്രോൺ വൈറസ് രൂപപെട്ടിരിക്കുന്നു. ഒമൈക്രോൺ തന്നെ ബിഎ.1, ബിഎ.1.1, ബിഎ.2, ബിഎ.3 എന്നിങ്ങനെ വിവിധ ഉപവകഭേദങ്ങളായും രൂപാന്തരപ്പെട്ടിരുന്നു.
ഇപ്പോഴിതാ ഇതിലെ രണ്ട് ഉപവകഭേദങ്ങൾ കൂടിച്ചേർന്ന് പുതിയ ഒമൈക്രോണ്‍ വൈറസ് രൂപപ്പെട്ടിരിക്കുന്നുവെന്നാണ് വാർത്തകൾ വരുന്നത്. ഇസ്രയേലിലാണ് ഇത് സ്ഥിരീകരിച്ചിരിക്കുന്നത്. ഒമിക്രോൺ ബിഎ.1, ബിഎ.2 എന്നീ ഉപവകഭേദങ്ങൾ കൂടിച്ചേർന്നാണ് പുതിയ വകഭേദമുണ്ടായിരിക്കുന്നത്. വിദേശത്ത് നിന്ന് തിരിച്ചെത്തിയ രണ്ട് യാത്രക്കാരിലാണ് ഇത് സ്ഥിരീകരിച്ചിരിക്കുന്നത്.

