ആരോഗ്യ രംഗത്ത് ബഹ്റൈനും ഇസ്രേയലുമായുള്ള സഹകരണം ശക്തമാക്കും

ആരോഗ്യ മേഖലയിലെ പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബഹ്റൈൻ സന്ദർശനത്തിന് എത്തിയ ഇസ്രായേല്‍ ആരോഗ്യമന്ത്രി നിത്സാന്‍ ഹൊറോവിറ്റ്സ് ആരോഗ്യ മന്ത്രി ഫാഇഖ ബിന്‍ത് സഈദ് അൽ സലേഹുമായി കൂടിക്കാഴ്ച നടത്തി. നഴ്സുമാരുടെ പരിശീലനം, മെഡിക്കല്‍ പ്രഫഷനുള്ള ലൈസന്‍സ് പരസ്പരം അംഗീകരിക്കല്‍, ബഹ്റൈനില്‍നിന്നുള്ള രോഗികളെ വിദഗ്ധ ചികിത്സക്ക് ഇസ്രായേലിലേക്ക് അയക്കുക തുടങ്ങിയ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. പൊതുലക്ഷ്യങ്ങള്‍ നേടാന്‍ ആരോഗ്യ രംഗത്ത് സഹകരണം ശക്തമാക്കേണ്ടതിന്റെ പ്രാധാന്യം ഫെയ്ഖാ ബിന്‍ത് സഈദ് അൽ സലേഹ് എടുത്തുപറഞ്ഞു. ആരോഗ്യരംഗത്ത് ബഹ്റൈന്‍ കൈവരിച്ച നേട്ടങ്ങള്‍ അണ്ടര്‍ സെക്രട്ടറി ഡോ. വലീദ് അല്‍ മാനിഅ് വിശദീകരിച്ചു. കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റല്‍, സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ്, ശൈഖ് അബ്ദുല്ല ബിന്‍ ഖാലിദ് ആല്‍ ഖലീഫ ഹെല്‍ത്ത് സെന്‍റര്‍ എന്നിവയും ഇസ്രായേല്‍ സംഘം സന്ദര്‍ശിക്കും. ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് കഴിഞ്ഞമാസം നടത്തിയ ബഹ്റൈന്‍ സന്ദര്‍ശനത്തിനിടെ ആരോഗ്യ മേഖലയിലെ സഹകരണത്തിനുള്ള ധാരണപത്രത്തില്‍ ഒപ്പുവെച്ചിരുന്നു.
അതേസമയം യുക്രെയിനിലെ യുദ്ധകെടുതിയിൽ പ്രയാസം അനുഭവിക്കുന്നവർക്ക് ആവശ്യമായ മെഡിക്കൽ സഹായം എത്തിക്കുമെന്ന് ഇസ്രേയൽ ആരോഗ്യ മന്ത്രി നിറ്റ്സാൻ ഹോറോവിറ്റ്സ് അറിയിച്ചു . ഫോർ പിഎം ന്യൂസിന്റെ സഹോദര മാധ്യമ സ്ഥാപനമായ ഡെയിലി ട്രിബൂണിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുക്രെയിനിൽ അഭയാർത്ഥികളടക്കം മെഡിക്കൽ സഹായം ആവശ്യമുള്ളവർ നിരവധിയാണെന്നും അവർക്ക് വേണ്ടി ഡോക്ടർമാരെയും, നഴ്സുമാരെയും മറ്റ് പാരാമെഡിക്കൽ സ്റ്റാഫുകളെയും യുക്രെയിനിലേക്ക് അയക്കുമെന്നും അദേഹം പറഞ്ഞു.