ബഹ്റൈനിൽ പൊളിഞ്ഞുവീഴാറായ നാലു കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി


ബഹ്റൈനിൽ പൊളിഞ്ഞുവീഴാറായ നാലു കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയതായി മനാമ കാപിറ്റല്‍ മുനിസിപ്പല്‍ അധികൃതര്‍ അറിയിച്ചു. അദ്ലിയയിലെ ടൂറിസം മേഖലയായ 338ാം നമ്പർ ബ്ലോക്കിലെ പഴയ കെട്ടിടങ്ങളാണ് പൊളിച്ചുമാറ്റിയത്. കൂടാതെ 30 ലോഡ് മാലിന്യങ്ങളും ഇതോടൊപ്പം നീക്കം ചെയ്തു. നേരത്തേ 25 ലോഡ് കാര്‍ഷിക മാലിന്യങ്ങളും കെട്ടിട നിര്‍മാണ മാലിന്യങ്ങളും ഇവിടെ നിന്ന് നീക്കം ചെയ്തിരുന്നു. കാപിറ്റല്‍ മുനിസിപ്പല്‍ പരിധിയില്‍ പൊളിഞ്ഞുവീഴാറായ കെട്ടിടങ്ങളും മതിലുകളും കണ്ടെത്തുന്നതിനും, നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനും പരിശോധന ശക്തമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒഴിഞ്ഞുകിടക്കുന്ന ഭൂമി ഉപയോഗ യോഗ്യമാക്കുന്നതിനും പദ്ധതിയുണ്ട്. രാജ്യത്തിന്‍റെ തലസ്ഥാന നഗരിയെന്ന നിലക്ക് മനാമ വിനോദസഞ്ചാര പ്രാധാന്യമുള്ളതാണെന്നും അതിനാല്‍ ശുചിത്വം നിലനിര്‍ത്തുന്നതിന് പ്രത്യേകം ശ്രദ്ധ നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി. പൊളിഞ്ഞുവീഴാറായതോ പൊട്ടിപ്പൊളിഞ്ഞതോ ആയ കെട്ടിടങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടമകള്‍ക്ക് അവ നേരെയാക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കും. നിശ്ചിത സമയത്തിനകം ഉടമകള്‍ കെട്ടിടം പുനരുദ്ധരിച്ചില്ലെങ്കില്‍ അവ പൊളിച്ചുനീക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

You might also like

Most Viewed