ഇസ്രേയലുമായുള്ള നയതന്ത്ര ബന്ധം പാലസ്തീനോടുള്ള സമീപനത്തിൽ മാറ്റം വരുത്തില്ലെന്ന് ബഹ്റൈൻ

ഇസ്രേയലുമായുള്ള ബഹ്റൈന്റെ അന്താരാഷ്ട്ര ബന്ധം ഒരിക്കലും പാലസ്തീൻ ജനതയോടുള്ള സമീപനത്തിൽ മാറ്റം വരുത്താൻ കാരണമാകില്ലെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം രാഷ്ട്രീയകാര്യ അണ്ടർസെക്രട്ടറി ഡോ. ഷെയ്ഖ് അബ്ദുള്ള ബിൻ അഹമ്മദ് അൽ ഖലീഫ പറഞ്ഞു. ജർമ്മനിയിൽ നടന്ന അമ്പത്തിയെട്ടാമത് മ്യൂണിക്ക് സുരക്ഷാ സമ്മേളലത്തിൽ പങ്കെടുത്തുകൊണ്ടാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പാലസ്തീൻ ജനത നടത്തുന്ന ചരിത്രപരമായ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങളെ ബഹ്റൈൻ പിന്തുണയ്ക്കുമെന്നും ഇസ്രേയലുമായുള്ള ബഹ്റൈന്റെ നയതന്ത്ര ബന്ധം പാലസ്തീനിലെ ജനങ്ങളോടുള്ള ബഹ്റൈന്റെ നിലപാടുകളെ പ്രതികൂലമായി ബാധിക്കില്ലെന്നും അദേഹം പറഞ്ഞു. ചരിത്രം മാറ്റാൻ നമുക്ക് കഴിയില്ലെങ്കിലും വർത്തമാനകാലത്തിലും ഭാവിയിലും വ്യത്യാസങ്ങൾ വരുത്താൻ സാധിക്കുമെന്നും പാലസ്തീനിലെ സഹോദരന്മാരുടെ വിഷമതകൾ കുറയ്ക്കാനുള്ള പ്രവർത്തനങ്ങളിൽ ബഹ്റൈനും പങ്ക് ചേരുമെന്നും അദേഹം പ്രസ്താവിച്ചു.