അമേരിക്കയുമായി വ്യാപാര, നിക്ഷേപ, സാമ്പത്തിക സഹകരണം ശക്തമാക്കുമെന്ന് ബഹ്റൈൻ

ബഹ്റൈനും അമേരിക്കയുമായി വ്യാപാര, നിക്ഷേപ, സാമ്പത്തിക സഹകരണം ശക്തമാക്കുമെന്ന് ബഹ്റൈൻ മന്ത്രിസഭായോഗം അറിയിച്ചു. അമേരിക്കന്‍ വ്യാപാര മേഖലയുടെ പ്രാധാന്യത്തെ കുറിച്ചും ബഹ്റൈനും അമേരിക്കയും തമ്മിലുള്ള വ്യാപാര വ്യവസായ മേഖലയിലെ നിക്ഷേപ സാധ്യതകളെ കുറിച്ചും നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ വെച്ചാണ് മന്ത്രിസഭായോഗം ചേർന്നത്. നാഷനാലിറ്റി, പാസ്പോര്‍ട്ട് ആന്‍ഡ് റസിഡന്‍സ് അഫയേഴ്സ് അതോറിറ്റി സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 24 പദ്ധതികളും യോഗത്തിൽ പ്രഖ്യാപിച്ചു.ഇതിന്റെ ഭാഗമായി ഇലക് ട്രോണിക് പാസ്പോർട്ട്, കിങ് ഫഹദ് കോസ്വെ പാസ്പോര്‍ട്ട്, ട്രെയിനിംഗ് വിസ, മള്‍ട്ടിപ്പിൾ വിസയുടെ ചാര്‍ജ് കുറക്കുക, ബഹ്റൈന് അകത്തും പുറത്തേക്കുമുള്ള പാസ്പോർട്ട് വിതരണം തുടങ്ങിയ പദ്ധതികളുടെ പ്രഖ്യാപനവും നടന്നു. കാലാവസ്ഥ വ്യതിയാനം നേരിടുന്നതിന് ലക്ഷ്യമിട്ടിട്ടുള്ള പദ്ധതികളുടെ ഭാഗമായി 2035ഓടെ രാജ്യത്തെ വൃക്ഷങ്ങളുടെ എണ്ണം ഇരട്ടിയാക്കുന്നതിന് വനവത്കരണ പദ്ധതി ശക്തമാക്കാന്‍ യോഗം തീരുമാനിച്ചു. വിവിധ മന്ത്രിമാര്‍ പങ്കെടുത്ത യോഗങ്ങളുടെ റിപ്പോര്‍ട്ടുകളും സഭയില്‍ അവതരിപ്പിച്ചു. സ്ഥാപകദിനാചരണം ആഘോഷിക്കുന്ന സൗദി അറേബ്യന്‍ ജനതക്കും ഭരണാധികാരികള്‍ക്കും കാബിനറ്റ് ആശംസകള്‍ നേര്‍ന്നു.