ഗർഭഛിദ്രത്തിന് ഞാൻ നിർബന്ധിച്ചെന്ന് ആരെങ്കിലും പരാതി പറഞ്ഞോ, ഓഡിയോ ആർക്കും ഉണ്ടാക്കാം: രാഹുൽ മാങ്കൂട്ടത്തിൽ

ഷീബ വിജയൻ
അടൂർ I തനിക്കെതിരെ വന്ന ആരോപണങ്ങൾ മുഴുവൻ നിഷേധിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. രാജ്യത്തെ നിയമസംവിധാനത്തിനു വിരുദ്ധമായി ഒരു പ്രവർത്തിയും ചെയ്തിട്ടില്ലെന്ന് രാഹുൽ ആവർത്തിച്ചു. ‘നിയമവിരുദ്ധമായി പ്രവർത്തിച്ചുവെന്ന് നിങ്ങൾക്ക് പറയാൻ പറ്റുമോ. തനിക്കെതിരെ ഒരു പരാതിയുമില്ല. പരാതി കെട്ടിച്ചമക്കാൻ ആർക്കും പ്രയാസമില്ല. ഓഡിയോ സംഭാഷണം ഈ കാലഘട്ടത്തിൽ ആർക്കും ഉണ്ടാക്കാം. ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചുവെന്ന് ആരെങ്കിലും പരാതി നൽകിയാൽ അതിന് മറുപടി പറയാം’ -രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
‘പ്രതിപക്ഷ നേതാവുമായും എഐസിസി നേതാക്കളുമായും സംസാരിച്ചിരുന്നു. ആരും രാജിവയ്ക്കാൻ ആവശ്യപ്പെട്ടില്ല. യുവനടി അടുത്ത സുഹൃത്താണ്. യുവ നടി എന്നെപ്പറ്റിയാണ് പറഞ്ഞതെന്ന് കരുതുന്നില്ല. എന്നെപ്പറ്റിയല്ല പറഞ്ഞതെന്നാണ് ഉറച്ചുവിശ്വസിക്കുന്നത്. ഞങ്ങൾ തമ്മിൽ ഇപ്പോഴും കമ്യൂണിക്കേഷൻ ഉണ്ട്. സംസ്ഥാന സർക്കാരിനെതിരെ ജനവികാരം ശക്തമായ സമയമാണിത്. സി.പി.എമ്മിനകത്ത് വലിയ അന്തഛിദ്രങ്ങളുണ്ട്. കത്ത് വിവാദം ശക്തമാണ്. ഈ ചർച്ചകളെ വ്യതിചലിപ്പിക്കാനാണ് ശ്രമം. ഞാൻ രാജ്യം വിട്ടു പോയിട്ടില്ല. ഞാൻ എന്റെ വീട്ടിൽ ഇരിക്കുകയാണ്. സിപിഎം വിചാരിച്ചാൽ എളുപ്പത്തിൽ പരാതി ചമയ്ക്കാം. ഹണി ഭാസ്ക്കരൻ ഉന്നയിച്ച ആരോപണം തെളിയിക്കാൻ അവർക്ക് സാധിക്കുമോ. ചാറ്റിന്റെ ഒരു ഭാഗം മാത്രമാണ് ഹണി ഭാസ്ക്കരൻ പുറത്തുവിട്ടത്. അതിനു താഴെയുള്ള ഭാഗം അവർ എന്തുക്കൊണ്ടാണ് പുറത്തുവിടാത്തത്. ഹണി ഭാസ്ക്കരനെപ്പറ്റി ഞാൻ മോശമായി ആരോട് സംസാരിച്ചു എന്നത് അവർ തെളിയിക്കട്ടെ. പരാതി ഇല്ലാത്തിടത്തോളം ഞാനും ഹണി ഭാസ്ക്കരനും അയാളും ഒരുമിച്ചിരുന്ന് ചർച്ച ചെയ്താൽ തീരുന്നതേ ഉള്ളൂ’ - രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
ZZZZX