അസ്കോണ്‍ കണ്‍ട്രോള്‍ കമ്പനിയുടെ പുതിയ ഫാക്ടറി സമുച്ചയം ഉദ്ഘാടനം ചെയ്തു

സ്വിച്ച് ഗിയർ രംഗത്തെ പ്രമുഖ സ്ഥാപനമായ അസ്കോണ്‍ കണ്‍ട്രോള്‍ കമ്പനിയുടെ പുതിയ ഫാക്ടറി സമുച്ചയം വാണിജ്യ, വ്യവസായ, വിനോദ സഞ്ചാര മന്ത്രി സായിദ് റാഷിദ് അൽ സയാനി ഉദ്ഘാടനം ചെയ്തു. അൽമസ്ര ഇൻഡസ്ട്രിയൽ പാർക്കിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ വിശിഷ്ടാതിഥിയായിരുന്നു. വ്യവസായ വികസന അസി. അണ്ടർ സെക്രട്ടറി ഖാലിദ് ഫഹദ് അൽഅലാവി, വ്യവസായ വികസന ഡയറക്ടർ ഖാലിദ് സൽമാൻ അൽഖാസിമി, ഇൻഡ്സ്ട്രിയൽ പാർക്ക് ആക്ടിങ് ഡയറക്ടർ ഖാലിദ് അൽഖല്ലാഫ്, കമ്യൂണിക്കേഷൻ ആൻഡ് അവയർനെസ് ഡയറക്ടർ മഹ്മൂദ് അഹ്മദ് മുജ്ബെൽ, ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിൻ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.ബഹ്‌റൈന്‍ ഭരണാധികാരികളും മന്ത്രി സായിദ് റാഷിദ് അൽസയാനിയും മന്ത്രാലയവും ചെയ്തു തന്ന സേവനങ്ങൾക്ക് അമാദ് ഗ്രൂപ് മാനേജിങ് ഡയറക്ടർ പമ്പാവാസൻ നായർ നന്ദി രേഖപ്പെടുത്തി.
ലോകോത്തര നിലവാരമുള്ള സീമെൻസ് കമ്പനിയുടെയും ഇന്തോ ഏഷ്യൻ കമ്പനിയുടെയും ടൈപ്ടെസ്റ്റഡ് ലോ വോൾട്ടേജ് സ്വിച്ച്ബോർഡുകൾ നിര്‍മിക്കുന്ന ബഹ്റൈനിലെ ഏക അംഗീകൃത പാനല്‍ നിർമാണക്കമ്പനിയാണ് അസ്കോൺ. 1.8 മില്ല്യന്‍ ദീനാർ ചെലവിൽ നൂതന സാങ്കേതികവിദ്യകളോടെ നിർമിച്ച പുതിയ ഫാക്ടറി 72,000 മുതൽ 150,000 വരെ ലോ വോൾട്ടേജ് പാനലുകളുടെ വാർഷിക നിർമാണക്ഷമതയുള്ളതാണ്. അസ്കോണ്‍ കണ്‍ട്രോള്‍ ജനറൽ മാനേജർ അനിന്ദ്യ, എ.ജി.എം രഞ്ജിത്ത്, ടെക്നിക്കൽ ഡയറക്ടർ നിത്യാനന്ദ്, അമാദ് ഗ്രൂപ്പിലെ മറ്റു മുതിർന്ന ജീവനക്കാർ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.