ഫാർമേഴ്സ് മാർക്കറ്റ് ആരംഭിച്ചു

ഒമ്പതാമത് ബഹ്റൈൻ ഫാർമേഴ്സ് മാർക്കറ്റിന് ബുദൈയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ തുടക്കമായി. നമ്മുടെ ഭക്ഷണം നമ്മുടെ ആരോഗ്യം എന്നതാണ് ഇത്തവണത്തെ ഫാർമേഴ്സ് മാർക്കറ്റിന്റെ പ്രമേയം. പൊതുമരാമത്ത്, മുനിസിപ്പാലിറ്റികാര്യ, നഗരാസൂത്രണ മന്ത്രി ഇസാം ബിൻ അബ്ദുല്ല ഖലഫ് പ്രദർശനം ഉദ്ഘാടനം നിർവഹിച്ചു. കർഷകരുടെ ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിനുള്ള ഏറ്റവും മികച്ച വേദിയാണ് കാർഷികചന്തയെന്ന് പറഞ്ഞ മന്ത്രി ബഹ്റൈനി കർഷകർക്ക് എല്ലാ തരത്തിലുമുള്ള പിന്തുണ നൽകാൻ മന്ത്രാലയം സന്നദ്ധമാണെന്നും അറിയിച്ചു.
37 കർഷകരും നാല് കാർഷിക കമ്പനികളുമാണ് കാർഷിക മേളയിൽ പങ്കെടുക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ എല്ലാ ആരോഗ്യ മുൻകരുതലും പാലിച്ചാണ് മേള സംഘടിപ്പിക്കുന്നതെന്ന് കാർഷിക, സമുദ്രവിഭവ അണ്ടർ സെക്രട്ടറി ഇബ്രാഹീം അൽ ഹവാജ് പറഞ്ഞു. മാർച്ച് 27വരെ എല്ലാ ശനിയാഴ്ചകളിലും രാവിലെ ഏഴ് മുതൽ ഉച്ചക്ക് ഒരുമണിവരെയാണ് ചന്ത പ്രവർത്തിക്കുക.