ബഹ്‌റൈൻ കറന്‍സിയെ അപമാനിച്ച പ്രവാസിക്ക് തടവും നാടുകടത്തലും ശിക്ഷ
മനാമ: ബഹ്റൈനില്‍ ഔദ്യോഗിക കറന്‍സിയെ അപമാനിക്കുന്ന വീഡിയോ ചിത്രീകരിച്ച് ടിക് ടോകിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രവാസിക്ക് ശിക്ഷ വിധിച്ചു. ഏഷ്യക്കാരനായ പ്രതിക്ക് രണ്ട് മാസം തടവും അത് പൂര്‍ത്തിയായ ശേഷം നാടുകടത്താനുമാണ് മൈനര്‍ ക്രിമനല്‍ കോടതിയുടെ വിധിയിലുള്ളത്. രാജ്യത്തിന്റെ ഔദ്യോഗിക കറന്‍സിയെ അപമാനിച്ച ഇയാളെ മൂന്ന് വര്‍ഷത്തേക്ക് തിരികെ ബഹ്റൈനില്‍ പ്രവേശിപ്പിക്കരുതെന്നും ഉത്തരവിട്ടിട്ടുണ്ട്.
2019ലാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്. രാഷ്‍ട്ര മുദ്ര ആലേഖനം ചെയ്‍തിട്ടുള്ള 20 ദിനാറിന്റെ നോട്ട് മടക്കുകയും ശേഷം അപമാനിക്കുന്ന തരത്തില്‍ എറിയുകയും ചെയ്യുന്നതാണ് ടിക് ടോക്കില്‍ അപ്‍ലോഡ് ചെയ്‍ത വീഡിയോയില്‍ ഉണ്ടായിരുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ബഹ്റൈന്‍ പതാകയും പ്രദര്‍ശിപ്പിച്ചിരുന്നു.
ആദ്യം ടിക് ടോക്കിലും പിന്നീട് മറ്റ് സാമൂഹിക മാധ്യമങ്ങളിലും ഇയാള്‍ വീഡിയോ അപ്‍ലോഡ് ചെയ്‍തു. ഇത് ശ്രദ്ധയില്‍പെട്ടതോടെയാണ് ബഹ്റൈന്‍ പൊലീസ് ഇയാളെ തിരിച്ചറിഞ്ഞ് പിടികൂടിയത്. സാമൂഹിക മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്‍തതിനും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നു. തുടര്‍ന്ന് വിചാരണ പൂര്‍ത്തിയാക്കിയ മൈനര്‍ ക്രിമിനല്‍ കോടതി കഴിഞ്ഞ ദിവസം കേസില്‍ വിധി പറഞ്ഞു.
