ബഹ്റൈൻ സ്വീകരിച്ച പ്രതിരോധ നടപടികൾ ഫലപ്രദമാണെന്ന് ആരോഗ്യവിദഗ്ധർ


 

പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈനിലേയ്ക്ക് എത്തിയ യാത്രക്കാരിൽ മാർച്ച് ഏപ്രിൽ മാസങ്ങളിൽ രണ്ട് ശതമാനം പേരിൽ മാത്രമാണ് കോവിഡ് രോഗം കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രലയം അണ്ടർസെക്രട്ടറി ഡോ വലീദ് അൽ മൈന പറഞ്ഞു. വിമാനത്താവളത്തിലെത്തുമ്പോൾ തന്നെ നടത്തുന്ന പരിശോധനകൾ  ഏറെ ഫലപ്രദമാണെന്നും, ഇതിന് ശേഷം അഞ്ചാം ദിവസവും, പത്താം ദിവസവും നടത്തുന്ന പരിശോധനകൾ കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ ബഹ്റൈൻ ദേശീയ പ്രതിരോധ സമിതി വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഡോ. വലിദ് അൽ മൈന. രാജ്യത്തുള്ള എല്ലാവരും വാക്സിനേഷൻ നടത്താനായി മുന്പോട്ട് വരണമെന്നും, സുരക്ഷയും ഉത്തരവാദിത്വബോധവുമാണ് ജനങ്ങൾ കാണിക്കേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ബഹ്റൈനിൽ ലഭിക്കുന്ന എല്ലാ വാക്സിനുകളും ഫലപ്രദമാണെന്നും കഴിഞ്ഞ ജനവരി മാസം മുതൽ രാജ്യത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ട 273 പേരിൽ 265 പേരും വാക്സിൻ സ്വീകരിക്കാത്തവരാണെന്നും വാക്സിൻ സ്വീകരിച്ച് മരണപ്പെട്ട എട്ട് പേർ പ്രായാധിക്യമുള്ളവരാണെന്നും വാർത്തസമ്മേളനത്തിൽ പങ്കെടുത്ത ലെഫ്റ്റനന്റ് കേണൽ ഡോ മനാഫ് അൽ ഖഹ്താനി പറഞ്ഞു. ജനവരി മാസം മുതൽ ഗുരുതരാവസ്ഥയിൽ ആയ 631 പേരിൽ 612 പേരും വാക്സിൻ സ്വീകരിക്കാത്തവരാണ്  എന്നും അദ്ദേഹം കൂട്ടി ചേർത്തു.  അതേസമയം ഇന്ത്യയിൽ നിന്നുള്ള വിമാന സെർവീസ് നിർത്തലാക്കുന്നതിനെ പറ്റി പഠിച്ചു വരികയാണെന്നും ഉചിതമായ സമയത്ത് ആവശ്യമുണ്ടെങ്കിൽ മാത്രം അത്തരം തീരുമാനമുണ്ടാകുമെന്നും ദേശീയ പ്രതിരോധസമിതി അംഗങ്ങൾ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ബഹ്റൈൻ എംപി  അബ്ദുൽ നബി സൽമാൻ കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽനിന്ന് ബഹ്‌റൈനിലേക്കുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. ഇങ്ങിനെ ഒരു സൂചന വന്നതോടെ നാട്ടിൽ നിന്ന് ബഹ്റൈനിലേയ്ക്ക് എത്താനായി തയ്യാറായി നിൽക്കുന്ന നിരവധി പേരാണ് ആശങ്കയിലായിരിക്കുന്നത്.  നിലവിൽ ഗൾഫ് രാജ്യങ്ങളിൽ തന്നെ ഖത്തറിലും ബഹ്റൈനിലും മാത്രമാണ് യാത്രാവിലക്ക് ഇല്ലാത്തത്. ബഹ്റൈനിൽ യാത്രാവിലക്ക് ഏർപ്പെടുത്താനുള്ള തീരുമാനമെടുത്താൽ സൗദി കോസ് വെ വഴി സൗദി അറേബ്യയിലേയ്ക്ക് പോകുന്നവരുടെയും യാത്രാപദ്ധതികൾ അവതാളത്തിലാകും

You might also like

Most Viewed