ബഹ്റൈൻ ഇന്ത്യൻ സ്കൂളിലെ പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കണം: ആലപ്പുഴ പ്രവാസി അസോസിയേഷൻ
മനാമ: കഴിഞ്ഞ കുറെ നാളുകളായി ഇന്ത്യൻ സ്കൂളുമായി ബന്ധപ്പെട്ടു നടക്കുന്ന വിവാദങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ആലപ്പുഴ പ്രവാസി അസോസിയേഷൻ ആവശ്യപ്പെട്ടു. ബഹറിനിലെ ഏറ്റവും മികവുറ്റ ഈ സ്കൂളിന്റെ പേരിൽ ഇപ്പോൾ നടക്കുന്ന വിവാദങ്ങൾ വിദ്യാർഥികളെയും രക്ഷിതാക്കളെയും മാത്രമല്ല പ്രവാസി സമൂഹത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പരസ്പരം കേസുകൊടുത്തു സ്കൂളിന്റെ പ്രശസ്തിക്കു മങ്ങലേൽപ്പിക്കുന്ന നടപടിയിലേക്കു പോകുന്നത് ഗുണകരമല്ലെന്നും, സ്കൂളിലെ ഭൂരിപക്ഷം വിദ്യാർഥികളും മലയാളികളായതിനാൽ ബഹ്റൈൻ കേരള സമാജം പ്രശ്നത്തിൽ ഇടപെട്ടു മധ്യസ്ഥത വഹിച്ച് ഇരു കൂട്ടരെയും ഒന്നിച്ചിരുത്തി സമാധാനമായി പ്രശനം ചർച്ചയിലൂടെ പരിഹരിക്കണം എന്ന് യോഗം ആവശ്യപ്പെട്ടു. അസോസിയേഷൻ പ്രസിഡന്റ് ബംഗ്ലാവിൽ ഷെരീഫിന്റെ അധ്യക്ഷതയിൽ വീഡിയോ കോൺഫെറൻസ് വഴി കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി സലൂബ് കെ ആലിശ്ശേരി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സജി കലവൂർ, ശ്രീജിത്ത് ആലപ്പുഴ, അനീഷ് മാളികമുക്ക്, വിജയലക്ഷ്മി രവി, അനിൽ കായംകുളം, സുൾഫിക്കർ ആലപ്പുഴ, ജോർജ് അന്പലപ്പുഴ, സീന അൻവർ, ജയലാൽ ചിങ്ങോലി, ഹാരിസ് വണ്ടാനം,ജോയ് ചേർത്തല എന്നിവർ പ്രസംഗിച്ചു. സംഘടനയുടെ ഓൺലൈൻ വഴിയുള്ള അംഗത്വ വിതരണം ഊര്ജിതപ്പെടുത്തുവാനും വനിതാ ഗ്രൂപ്പ് വിപുലീകരിക്കുവാനും യോഗം തീരുമാനിച്ചു.

