സെന്റ് മേരീസ് കത്തീഡ്രൽ പെരുന്നാളിന് കൊടിയേറി

മനാമ: ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ അറുപത്തിരണ്ടാമത് പെരുന്നാളിനും വാർഷിക കൺവെൻഷനും കൊടിയേറി. കഴിഞ്ഞ വെള്ളിയാഴ്ച്ച വിശുദ്ധ കുർബ്ബാനയ്ക്കു ശേഷം ഇടവക വികാരി റവ. ഫാദർ ബിജു ഫീലിപ്പോസ് ആണ് കൊടിയേറ്റ് കർമ്മം നിർവ്‍വഹിച്ചത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ പൂർണമായും ഓൺലൈനിലാണ് പെരുന്നാൾ കൺവെൻഷൻ ശ്രുശൂഷകൾ നടക്കുന്നത്. ഒക്ടോബർ 5, 6, 8 തീയതികളിൽ വൈകുന്നേരം 7 മണി മുതൽ സന്ധ്യനമസ്കാരം, ഗാന ശുശ്രൂഷ വചന ശുശ്രൂഷ എന്നിവ നടക്കും. ഓരോ ദിവസവും നടക്കുന്ന വചന ശുശ്രൂഷകൾക്ക് റവ. ഫാദർ ഡോ. റെജി മാത്യൂ, റവ. ഫാദർ ജോൺ ടി. വർഗ്ഗീസ്, റവ. ഫാദർ ജോജി കെ. ജോയ് എന്നിവർ നേത്യത്വം നൽകും.
ഒക്ടോബർ 7 ബുധനാഴ്ച്ച വൈകിട്ട് 6:15ന് സന്ധ്യനമസ്കാരം, വിശുദ്ധ കുർബ്ബാന, മദ്ധ്യസ്ഥപ്രാർത്ഥന എന്നിവ നടക്കും. ഒക്ടോബർ 9 വെള്ളൊയാഴ്ച്ച രാവിലെ 7ന് പ്രഭാത നമസ്ക്കാരം 8.00ന് വിശുദ്ധ കുർബ്ബാന, ഗീവർഗ്ഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത നൽകുന്ന അനുഗ്രഹ പ്രഭാഷണം, പ്രദക്ഷിണം, ആശിർവാദം, പെ
രുന്നാൾ കൊടിയിറക്ക് എന്നിവനടക്കുമെന്നും, എല്ലാ പരിപാടികളും ഇടവകയുടെ ഫേസ്ബുക്ക് പേജ് വഴി വിശ്വാസികൾക്ക് കാണാവുന്നതാണെന്നും ഇടവക വികാരി റവ. ഫാദർ ബിജു ഫീലിപ്പോസ്, ട്രസ്റ്റി സി.കെ.തോമസ്, സെക്രട്ടറി ജോർജ് വർഗീസ് എന്നിവർ അറിയിച്ചു.