എയർ ബബിൾ പ്രതീക്ഷ സജീവം ; ടിക്കറ്റ് ചാർജ്ജ് വർദ്ധിക്കുമോ എന്ന ആശങ്കയിൽ യാത്രക്കാർ

മനാമ : ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള എയർ ബബിൾ കോൺട്രാക്റ്റ് എത്രയും പെട്ടന്ന് തന്നെ നടപ്പിലാകുമെന്ന വാർത്ത വന്നുതുടങ്ങിയതോടെ ആയിരക്കണക്കിന് പേരുടെ യാത്രാപ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന വിശ്വാസത്തിലാണ് ബഹ്റൈനിലെ സാമൂഹ്യപ്രവർത്തകർ. നിലവിൽ ബഹ്റൈൻ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി പ്രകാരം ലഭിക്കുന്ന യാത്രക്കാർക്ക് ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ വന്ദേഭാരത് മിഷൻ വിമാനങ്ങൾ വഴിയും, സംഘടനകളും, ട്രാവൽ ഏജൻസികളും മുൻൈകെയെടുത്ത് കൊണ്ടുവരുന്ന ചാർട്ടേർഡ് വിമാനങ്ങൾ വഴിയുമാണ് നാട്ടിൽ നിന്ന് ബഹ്റൈനിലേയ്ക്ക് ആളുകൾ എത്തുന്നത്. എന്നാൽ അനുമതിക്കായുള്ള കാല താമസവും, പ്രായോഗിക തലത്തിലുള്ള പാളിച്ചകളും കാരണം വലിയൊരു വിഭാഗത്തിന് ഈ ക്രമീകരണം ഉപകാരത്തിന് എത്തുന്നില്ല. ഇത്തരം പ്രശ്നങ്ങൾ എയർ ബബിൾ കോൺ്ട്രാക്റ്റ് നിലവിൽ വരുന്നതോടെ മാറുമെന്നാണ് യാത്രക്ക് ഒരുങ്ങുന്നവരുടെ വിശ്വാസം. അതേസമയം എയർ ബബിൾ കോൺ്ട്രാക്റ്റ് വരുന്പോൾ നിലവിലെ ടിക്കറ്റ് റേറ്റിനേക്കാൾ തുക നൽകേണ്ടിവരുമോ എന്നാശങ്കയും നിലനിൽക്കുന്നുണ്ട്. ചില എയർലൈൻസുകളുടെ ഓൺലൈൻ സൈറ്റുകളിൽ വൺവെ ടിക്കറ്റിന് മാത്രം ഇരുന്നൂറ് ദിനാറോളം ഈടാക്കുമെന്ന വിവരം നൽകിയതോടെയാണ് ഇങ്ങിനെയൊരു സംശയം ഉണ്ടായിരിക്കുന്നത്.