ബഹ്റൈനിൽ കോവിഡ് ബാധിച്ച് രണ്ട് മലയാളികൾ കൂടി മരിച്ചു

മനാമ: ബഹ്റൈനിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ട് മലയാളികൾക്ക് കോവിഡ് കാരണം ജീവൻ നഷ്ടമായി. ഇന്നലെ രാത്രിയോടെയാണ് പാലക്കാട് ഒറ്റപാലം സ്വദേശിയായ ജയദേവന്റെ (53) മരണം സ്ഥിരീകരിച്ചത്. നാഷണൽ പ്രൊഫൈൽ ഫാക്ടറി എന്ന സ്ഥാപനത്തിൽ കഴിഞ്ഞ 15 വർഷമായി പ്രൊഡക്ഷൻ മാനേജറായി ജോലി ചെയ്തു വന്നിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യ ജ്യോതി ലക്ഷ്മി, മക്കളായ ജ്യോത്സന, ജിസ്ന എന്നിവർ ബഹ്റൈനിലുണ്ട്. കുടുംബത്തോടൊപ്പം ആലിയിൽ താമസിച്ചിരുന്ന പരേതൻ കോവിഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. പാലക്കാട് ജില്ലക്കാരുടെ കൂട്ടായ്മയായ പാക്ടിന്റെ സജീവ പ്രവർത്തകനായിരുന്നു പരേതൻ.
കൊല്ലം അർക്കന്നൂർ സ്വദേശിയായ സന്തോഷ് കുമാർ ആണ് മരണമടഞ്ഞ മറ്റൊരു മലയാളി. നാൽപ്പത്തിനാല് വയസായിരുന്നു പ്രായം. ഭാര്യ രമ്യ, മകൻ അഭിനവ് എന്നിവർ നാട്ടിലാണ്. രണ്ട് പേരുടെയും സംസ്കാരം കോവിഡ് പ്രോട്ടോകോളനുസരിച്ച് ബഹ്റൈനിൽ നടക്കും. ഇത് കൂടാതെ ഇന്നലെ അറുപ്പത്തിനാല് വയസ്സ് പ്രായമുള്ള സ്വദേശിയും മരണപ്പെട്ടിരുന്നു. ഇതോടെ നിലവിൽ രാജ്യത്തെ ആകെ കോവിഡ് മരണങ്ങൾ 162 ആയി.
അതേസമയം ഇന്നലെ 6831 പേരിൽ കോവിഡ് പരിശോധനകൾ നടത്തി. ഇതോടെ ആകെ പരിശോധനകളുടെ എണ്ണം 892926 ആയി. ഇന്നലെ 322 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതിൽ 126 പേർ വിദേശികളാണ്. 273 പേർക്ക് രോഗമുക്തി ലഭിച്ചു. ഇതടക്കം ആകെ 40549 പേർ രാജ്യത്ത് രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 2918 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. കൊറോണ വൈറസ് നിയന്ത്രണങ്ങൾ പാലിക്കാതെ തുറന്ന് പ്രവർത്തിച്ച അദ്ലിയിലെ റെസ്റ്റോറന്റ് ആരോഗ്യ വാണിജ്യവകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനയിൽ അടപ്പിച്ചു.