കോവിഡ് 19 - ബഹ്റൈനിൽ വാണിജ്യസ്ഥാപനങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കും

മനാമ
കോവിഡ് 19ന്റെ പശ്ചാതലത്തില്‍ കഴിഞ്ഞ മാസം ഇരുപ്പത്തിയാറാം തീയതി മുതല്‍ രാജ്യത്ത് അടച്ചിട്ട വിവിധ വാണിജ്യ വ്യവസായ സ്ഥാപനങ്ങളാണ് ഇന്ന് വൈകുന്നേരം ഏഴ് മണി മുതല്‍ നിയന്ത്രണങ്ങളോടെ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുക. ഇവിടെയുള്ള ജീവനക്കാരും ഉപഭോക്താക്കളും മാസ്കുകള്‍ ധരിക്കണം. ഇതോടൊപ്പം സാമൂഹിക അകലം പാലിക്കുക, തിരക്ക് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, സ്റ്റോറുകളുടെ അകത്തും പുറത്തും അണുനശീകരണം നടത്തുക, കടകള്‍ക്ക് പുറത്ത് ക്യൂ സന്പ്രദായം പാലിക്കുക എന്നിവയും നിയന്ത്രണങ്ങളുടെ ഭാഗമാണ്. അതേ സമയം സിനിമ തിയറ്ററുകള്‍, നീന്തല്‍ കുളങ്ങള്‍, ജിംനേഷ്യങ്ങള്‍, ഫിറ്റ്നെസ് സെന്ററുകള്‍, വിനോദ കേന്ദ്രങ്ങള്‍, സലൂണുകള്‍ എന്നിവ അടച്ചിടും. റെസ്റ്ററാന്റുകള്‍, ശീശ കഫെകള്‍ എന്നിവിടങ്ങളില്‍ ടേക്ക് എവെ, ഡെലിവറി സൗകര്യങ്ങള്‍ തുടരാവുന്നതാണ്. പൊതു ഇടങ്ങളില്‍ അഞ്ച് പേരില്‍ കൂടുതല്‍ പേര്‍ ഒത്തുകൂടാന്‍ പാടുള്ളതല്ല.
ബഹ്‌റൈനിൽ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണി വരെ ആരോഗ്യമന്ത്രാലയം അറിയിച്ചത് പ്രകാരം നിലവിൽ 355 പേരാണ് കോവിഡ് ബാധ സ്ഥിരീകരിച്ചു ആശുപത്രികളിൽ കഴിയുന്നത്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. 495 പേരെയാണ് ആശുപത്രികളിൽ നിന്ന് ഇതുവരെയായി ഡിസ്ചാർജ്ജ് ചെയ്തതു കഴിഞ്ഞു. ആകെ 54708 പേരെയാണ് ഇത് വരെ പരിശോധിച്ചത്. അഞ്ച് പേരാണ് രാജ്യത്ത് ഇതുവരെയായി കോവിഡ് ബാധിച്ച് മരിച്ചത്.