സീതായനത്തിന് ഗാന-നൃത്ത ലയം പകർന്ന് 'ഭൗമി ' ശ്രദ്ധേയമായി
മനാമ:സംഗീതത്തിന്റെയും നൃത്തത്തിന്റെയും രാഗ താള ഭാവ സമന്വയങ്ങൾ തീർത്ത വേദിയിൽ ഇന്റർ ആഡ്‌സ് ഈവന്റ്‌സിന്റെയും റോയൽ ചാരിറ്റിയുടെയും സഹകരണത്തോടെ കൾച്ചറൽ ഹാളിൽവച്ച് സീതാരാമന്മാരുടെ കഥപറഞ്ഞ നൃത്തശില്പം 'ഭൗമി 'ആസ്വാദകർക്ക് അനുഭൂതിയായി. രാമായണത്തിലെ കേന്ദ്രകഥാപാത്രമായ സീതാ ദേവിയുടെ ജീവിതെത്ത അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ ഈ കലാസൃസ്ടി ബഹ്‌റൈനിലെ ഒരു കൂട്ടം കലാകാരന്മാരുടെ മികച്ച കലോപഹാരം തന്നെ ആയിമാറുകയായിരുന്നു. തുടക്കത്തിൽ കഥാചുരുക്കം ദിനേശ് മാവൂർ ഒരുക്കിയ സാൻഡ് ആർട്ടിലൂടെയാണ് അവതരിപ്പിച്ചത്. പുരാണ കഥാപാത്രങ്ങൾ സാൻഡ് ആർട്ടിൽ തീർത്ത ദിനേശ് മാവൂർ കാണികളുടെ പ്രശംസ പിടിച്ചുപറ്റി .അതുകൊണ്ടു തന്നെ ഇംഗ്ലീഷിൽ ഉള്ള കഥാസാരത്തോടെയുള്ള അവതരണം സ്വദേശികൾക്ക് അടക്കമുള്ളവർക്ക് ആസ്വാദ്യമായി.തുടർന്ന് പ്രമുഖ ഗായകൻ ഹരീഷ് ശിവരാമകൃഷണന്റെ പിൻപാട്ടിന് നൃത്താവിഷ്‌കാരമേകിക്കൊണ്ടാണ് ഭൗമി ആരംഭിച്ചത്. ദ്രുത ചലനങ്ങളോടെ ഒന്നായി താളം ചവുട്ടിയ ബഹ്‌റൈനിലെ നൃത്ത പ്രതിഭകൾ ആണ് പരിപാടിയെ മികവുറ്റതാക്കുന്നതിൽ ഏറ്റവും വലിയ പങ്കു വഹിച്ചത്.വേദിയിലൂടെ കടന്നുവന്ന രാവണനും രാമ രാവണ യുദ്ധവും ആരംഭിച്ചതോടെ ശബ്ദമുഖരിതമായ വേദിയിൽ പിന്നീട് ഒന്നര മണിക്കൂർ നീണ്ട സീതായനം കഥാപാത്രങ്ങളുടെ അഭിനയത്താലും വേഷ വിധാനത്താലും ശ്രദ്ധേയമായി. .നൃത്തശിൽപത്തിൽ 40ഓളം പേർ അണിനിരന്നു ആശയവും സ്ക്രിപ്റ്റും പ്രീതി ശ്രീകുമാറിെൻറതാണ്.
സംവിധാനം ശ്യാം രാമചന്ദ്രൻ, സഹസംവിധാനം നന്ദൻ വാര്യർ, കൊറിയോഗ്രാഫി വിപിൻ സി. കൃഷ്ണ എന്നിവരാണ്. ബാലചന്ദ്രൻ കൊന്നക്കാടാണ് സംഭാഷണം തയാറാക്കിയിരിക്കുന്നത് . സന്തോഷ് കടമ്പാട്ട് കൺവീനർ ആയ പരിപാടിയുടെ മുഖ്യരക്ഷാധികാരി ജ്യോതികുമാർ മേനോനാണ്. മുഹമ്മദ് മാട്ടൂലും വിപിൻ വത്സനും ആണ് ക്രീയറ്റിവ് വിഭാഗം കൈകാര്യം ചെയ്തു
വിശിഷ്ടാതിഥി ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ അവതരിപ്പിച്ച സംഗീത പരിപാടിയും ഏറെ ശ്രദ്ധ പിടിച്ചുപറ്റി. മലയാളം കൂടാതെ തമിഴ് ഹിന്ദി ഗാനങ്ങളുടെ ഈരടികൾ ഹർഷാരവത്തോടെയാണ് ആസ്വാദകർ സ്വീകരിച്ചത്. റോയൽ ചാരിറ്റി സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അൽ സയ്ദ് മുഖ്യാതിഥി ആയിരുന്നു. സയാനി മോട്ടോഴ്‌സ് ജനറൽ മാനേജർ മുഹമ്മദ് സാക്കി എന്നിവരും സംബന്ധിച്ചു. രംഗപടം,അഭിനയം,നൃത്തസംവിധാനം,ശബ്ദ നിയന്ത്രണം ,വെളിച്ച നിയന്ത്രണം തുടങ്ങി എല്ലാ മേഖലകളിലും മികവുറ്റതാക്കി യെങ്കിലും
പരിപാടി കാണാനെത്തിയവരുടെ ആധിക്യം മൂലം പ്രവേശന പാസ് കരസ്‌ഥമാക്കിയ പലർക്കും ഹാളിൽ പ്രവേശനം ലഭിക്കാതെ മടങ്ങേണ്ടി വന്നതും പ്രവേശനം ലഭിച്ചവരെ പലരെയും ഹാളിന്റെ സുരക്ഷാ ചുമതലയുള്ളവർ പുറത്താക്കിയതും വലിയ വിവാദമായത് ഒഴിച്ചാൽ തീർത്തും മികച്ച ഒരു കലാസൃഷ്ടി ബഹ്‌റൈൻ പ്രവാസികൾക്ക് നൽകി എന്നത് ഭൗമിയുടെ സംഘാടകർക്ക് അഭിമാനിക്കാം.

