മലയാളം പാഠശാല സംരംഭത്തിൽ ബഹ്‌റൈൻ പ്രതിഭയും പങ്കാളിയാകുന്നു .
ലോകമെമ്പാടും മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനായി കേരളസംസ്ഥാന സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള മലയാളം മിഷൻ , ‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്ന ലക്ഷ്യവുമായി ആരംഭിച്ച മലയാളം പാഠശാല സംരംഭത്തിൽ ബഹ്‌റൈൻ പ്രതിഭയും പങ്കാളിയാകുന്നു .
പ്രവാസികളായ കുട്ടികൾക്ക് തങ്ങളുടെ മാതൃഭാഷയായ മലയാളം പഠിക്കാനും കേരളീയ പാരമ്പര്യങ്ങൾ അടുത്തറിയാനും വേണ്ടിയാണ് ലോകമെമ്പാടും പാഠശാലകൾ മലയാളം മിഷൻ സംഘടിപ്പിക്കുന്നത് .
നിലവിൽ നാല് കോഴ്‌സുകളാണ് മലയാളം മിഷൻ നടത്തുന്നത്. മലയാളം മിഷന്റെ പ്രാഥമിക കോഴ്സാണ് കണിക്കൊന്ന. 6 വയസ്സ് പൂർത്തിയായ ആർക്കും 2 വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സിനു ചേരാം. തുടർന്ന് ഡിപ്ലോമ (സൂര്യകാന്തി) – 2 വർഷം, ഹയർ ഡിപ്ലോമ (ആമ്പൽ) – 3 വർഷം , സീനിയർ ഹയർ ഡിപ്ലോമ ( നീലക്കുറിഞ്ഞി) -3 വർഷം എന്നീ കോഴ്‌സുകൾ ക്രമാനുക്രമം ചെയ്യാവുന്നതാണ്. ഈ കോഴ്‌സുകൾ പൂർത്തീകരിക്കുമ്പോൾ പത്താംക്ലാസിന് തത്തുല്യമായ നിലവാരത്തിലേക്ക് വിദ്യാർത്ഥികൾക്ക് എത്തിച്ചേരുവാൻ സാധിക്കും. എല്ലാ കോഴ്‌സുകളും സൗജന്യമായാണ് ബഹ്‌റൈൻ പ്രതിഭ നടത്തുന്നത്.
പ്രസ്തുത പാഠ്യപദ്ധതി അനുസരിച്ചുള്ള പഠന സൗകര്യമാണ് ബഹ്‌റൈൻ പ്രതിഭ ആരംഭിക്കുന്നത് .പ്രതിഭ മലയാളം പാഠശാലയുടെ ഉത്ഘാടനം (പ്രവേശനോത്സവം) ഒക്ടോബർ 9 ബുധനാഴ്ച വൈകിട്ട് 7 മണിക്ക്, ഈസ്റ്റ് റിഫ സെൻട്രൽ മാർക്കറ്റിനു എതിർവശമുള്ള പ്രതിഭാ ഹാളിൽ (റിഫ തറവാട് ) വെച്ച് നടക്കും.
ബഹ്‌റൈനിൽ ആദ്യമായി പ്രവാസികളുടെ മക്കൾക്ക് സൗജന്യമായി മലയാളം പഠിക്കാനുള്ള അവസരം ഒരുക്കി ബഹ്‌റൈൻ പ്രതിഭ തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധത വീണ്ടും തെളിയിച്ചിരിക്കുന്നു.
പാഠശാലയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 39283875, 3237 8497, 38350214 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു

