സിസ്റ്റര്‍ ലിനി സ്നേഹ സ്മൃതി: മക്കള്‍ ബഹ്റൈനിലേക്ക്
മനാമ: നിപ്പ വൈറസ് ബാധയേറ്റ് മരിച്ച നഴ്സ് ലിനിയുടെ ആഗ്രഹമായിരുന്നു മക്കളെ അവരുടെ പിതാവ് ജോലി ചെയ്യുന്ന ഗള്‍ഫ് നാട് കാണിക്കുക എന്നത്. ലിനി സജീഷിനെഴുതിയ അവസാനത്തെ കത്തിലും ഈ ആഗ്രഹത്തെ കുറിച്ചെഴുതിയിരുന്നു. ബഹ്റൈന്‍ പ്രവാസിയായിരുന്ന ലിനിയുടെ ഭര്‍ത്താവ് സജീഷ് ജോലി ചെയ്തിരുന്ന ബഹ്റൈനിലേക്ക് മക്കളെ കൊണ്ടുവരാന്‍ ബഹ്റൈനിലെ ഒരുമ സാംസ്കാരികവേദി എന്ന കൂട്ടായ്മ അവസരമൊരുക്കുകയാണ് ഇപ്പോള്‍. ഒരുമ സാംസ്കാരിക വേദിയുടെ അംഗമായിരുന്നു സജീഷ്. ജൂലൈ പത്തിന് സജീഷും മക്കളായ റിതുല്‍(6) സിദ്ധാര്‍ത്ഥ് (3), ലിനിയുടെ മാതാവ് രാധ എന്നിവര്‍ ബഹ്റൈനില്‍ എത്തും. ഒരുമ സാംസ്കാരിക വേദിയും ഇന്ത്യന്‍ ക്ലബിന്റെ സഹകരണത്തോടെ കോണ്‍വെക്സ് ഇവെന്‍റ്സുമായി ചേര്‍ന്ന് ജൂലൈ 12ന് രാത്രി ഏഴുമുതല്‍ ഇന്ത്യന്‍ ക്ലബില്‍ നടത്തുന്ന സിസ്റ്റര്‍ ലിനി സ്നേഹ സ്മൃതി എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് ഇവര്‍ എത്തുന്നത്.
5 ദിവസത്തെ സന്ദര്‍ശനത്തിനാണ് സജീഷും മക്കളും ബഹ്റൈനിലെത്തുന്നത്. പരിപാടിയുടെ നടത്തിപ്പിനായി സ്വാഗത സംഘ രൂപീകരണവുമായി ബന്ധപ്പെട്ട യോഗം നാളെ വൈകുന്നേരം 4.30ന് ഇന്ത്യന്‍ ക്ലബില്‍ വെച്ച് നടക്കും.മക്കളെയും ലിനിയെയും ബഹ്റൈനിലേക്ക് കൊണ്ടുവരാനുള്ള തയ്യാറെടുപ്പിനിടയ്ക്കാണ് ലിനിയുടെ വിയോഗം ഉണ്ടായത്. , പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്നു സിസ്റ്റര്‍ ലിനി. സൂപ്പിക്കടയിലെ സാബിത്തിനെ പരിചരിക്കുന്നതിനിടയിലാണ് ലിനിക്ക് നിപ്പ ബാധിച്ചത്. രോഗം സ്ഥിരീകരിച്ച ലിനി മരിക്കുന്നത് കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്. കേരളത്തിലെ ജനങ്ങളെ വളരെ വേദനിപ്പിച്ച മരണമായിരുന്നു സിസ്റ്റര്‍ ലിനിയുടേത്.

