25 വർഷത്തെ പ്രവാസം: അസുഖബാധിതനായ കൊല്ലം സ്വദേശി ആശുപത്രിക്കിടക്കയിൽ

രാജീവ് വെള്ളിക്കോത്ത്
മനാമ : 25 വർഷത്തെ പ്രവാസത്തിനൊടുവിൽ ഒന്നും സമ്പാദിക്കാതെ ഒടുവിൽ അസുഖബാധിതനായ കൊല്ലം കടവൂർ സ്വദേശി ബാബു നാരായണൻ (53) പോകാൻ ഇടമില്ലാത്ത അവസ്‌ഥയിൽ ആശുപത്രിയിൽ കഴിയുന്നു. വളരെ ഗുരുതരമായ ഹൃദ്രോഗവും കാലിനു ബാധിച്ച അസുഖവും കാരണം യാതൊരുവിധ ജോലിക്കും പോകാൻ കഴിയാത്ത ഇദ്ദേഹത്തിനെ ഇനിയും ആശുപത്രിയിൽ നിർത്താൻ കഴിയില്ലെന്ന് സൽമാനിയ ആശുപത്രി അധികൃതരും അറിയിച്ചിരിക്കുകയാണ്.
1993 ൽ ബഹറിനിൽ എത്തിയ ബാബു നാരായണൻ ഒരു കൺസ്ട്രക്ഷൻ കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. കെട്ടിടത്തിന് മുകളിൽ പണിതു കൊണ്ടിരിക്കെ വീണതിനെ തുടർന്ന് കാലിനു സാരമായ പരിക്ക് പറ്റി ആശുപത്രിയിൽ ദീർഘകാലം ചികിൽസിച്ചെങ്കിലും തുടർന്ന് ജോലി ഒന്നും ചെയ്യാൻ കഴിയാതിരുന്നതിനാൽ കമ്പനി അധികൃതർ താമസസ്‌ഥലത്ത് പാർപ്പിച്ചിരിക്കുകയായിരുന്നു.7 വർഷത്തോളം അവിടെ കഴിഞ്ഞു. യാതൊരു നഷ്ടപരിഹാരവും ലഭിക്കുകയോ പരിചരണമോ ലഭിക്കാതായതിനെ തുടർന്ന് 2006 ൽ കമ്പനിയിൽ നിന്നും അവർ അറിയാതെ തന്നെ വിട്ടുപോവുകയായിരുന്നുവെന്ന് ബാബു പറയുന്നു.
പാസ്പോർട്ടോ വിസയോ പോലും കൈയ്യിൽ ഇല്ലാതെ പല ജോലി കളും ചെയ്തു ജീവിതം തള്ളി നീക്കുകയായിരുന്നു ഇതുവരെ. അതിനിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് സൽമാനിയ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ട ഇദ്ദേഹം ഇപ്പോൾ തല്ക്കാലം സുഖം പ്രാപിച്ചുവെങ്കിലും ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. നാട്ടിലുള്ള ഏക സഹോദരൻ പോലീസിൽ ജോലി ചെയ്യുന്നുണ്ടെന്നും രണ്ടു സഹോദരിമാർ വിവാഹം കഴിച്ചു അവരുടെ വീടുകളിലും ആണെന്നും ഇദ്ദേഹം പറയുന്നു. നടക്കാൻ പോലും ബുദ്ധിമുട്ടുള്ള അവസ്‌ഥയിൽ ജോലി ഒന്നും ചെയ്യാൻ കഴിയില്ല. ദീർഘകാലാം രോഗക്കിടക്കയിൽ ആയതിനാൽ നയാ പൈസപോലും സമ്പാദ്യവുമില്ല. അവിവാഹിതനാണ്. ആശുപത്രിയിലെ സാമൂഹ്യ സേവന വിഭാഗം ബന്ധപ്പെട്ടതിനെ തുടർന്ന് ട്രേഡ് യൂണിയൻ ഭാരവാഹിയും സാമൂഹ്യ പ്രവർത്തകനുമായ തമ്പി നാഗാർജ്ജുന ആശുപത്രിയിൽ എത്തുകയും ഇദ്ദേഹത്തിന്റെ കാര്യം എൽ എം ആർ എ യിൽ അറിയിച്ചിട്ടുണ്ട്.
എത്രയും പെട്ടെന്ന് ആശുപത്രിയിൽ നിന്ന് മാറ്റി അഭയ കേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിക്കുകയും തുടർന്ന് നാട്ടിലേയ്ക്ക് അയക്കാനുള്ള സംവിധാനമാണ് ഇനി വേണ്ടത്. എന്നാൽ ഈ അവസ്‌ഥയിൽ നാട്ടിൽ ഇദ്ദേഹത്തെ ആര് പരിചരിക്കും എന്നുള്ളത് ചോദ്യ ചിഹ്നമാണ്.അത് ചോദിച്ചപ്പോൾ ബാബുവിനും മൗനമാണ്.ഇദ്ദേഹത്തെ സഹായിക്കാൻ താൽപ്പര്യമുള്ളവർ ആരെങ്കിലും ഉണ്ടെങ്കിൽ 39451190 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.