ബഹ്‌റൈൻ മനുഷ്യാവകാശ പ്രസ്‌ഥാനം ഇടപെട്ടു. സുരേന്ദ്രൻ പിള്ള നാട്ടിലെത്തി
രാജീവ് വെള്ളിക്കോത്ത്
മനാമ : തൊഴിലുടമയുടെ ചതിയിൽ പെട്ട് നാട്ടിലേയ്ക്ക് പോകാൻ കഴിയാതിരുന്ന പാലക്കാട് ഒറ്റപ്പാലം സ്വദേശി സുരേന്ദ്രൻ പിള്ളയുടെ പ്രശ്നത്തിൽ ബഹ്‌റൈൻ നാഷണൽ ഇൻസ്റ്റിട്യൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് (എൻ ഐ എച്ച് ആർ)യുടെ ഇടപെടൽ ഉണ്ടായതിനെ തുടർന്ന് യാത്ര നിരോധനം അവസാനിക്കുകയും കഴിഞ്ഞ ദിവസം അദ്ദേഹം നാട്ടിലേയ്ക്ക് പോവുകയും ചെയ്തു. ഒക്ടോബർ ആദ്യവാരം ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് എൻ ഐ എച്ച് ആർ ചെയർ വുമൺ മറിയ ഖൗറി സാമൂഹ്യപ്രവർത്തകർക്കും പൊതു സമൂഹത്തിനും വേണ്ടി നടത്തിയ സിറ്റിങ്ങിൽ വച്ചാണ് സാമൂഹ്യപ്രവർത്തകൻ സുധീർ തിരുനിലത്ത് സുരേന്ദ്രൻ പിള്ളയുടെയും തലശേരി സ്വദേശി നളരാജന്റെയും അവസ്‌ഥ അവരുടെ മുൻപാകെ അവതരിപ്പിച്ചത്.
ബ്യൂട്ടി പാർലറിൽ ഡ്രൈവർ ആയി ജോലിക്കെത്തിയ സുരേന്ദ്രൻ പിള്ളയ്ക്ക് കഴിഞ്ഞ 6 മാസമായി ശമ്പളമോ താമസ സൗകര്യമോ നൽകിയില്ലെന്നത് കൂടാതെ മൊബൈൽ ഫോണും പണവും മോഷ്ടിച്ചു എന്ന വ്യാജ പരാതിയും നൽകി അവരുടെ തൊഴിലുടമ കുടുക്കിയിരിക്കുകയായിരുന്നു. ഇതിന്റെ പേരിൽ ജയിലിൽ കിടക്കേണ്ടി വന്ന പിള്ളയ്‌ക്കെതിരെയുള്ള പരാതി വ്യാജമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ കോടതി സ്വതന്ത്രനാക്കുകയായിരുന്നു.
ഇന്ത്യൻ എംബസിയിൽ നിന്നും ലേബർ ഓഫീസിൽ നിന്നും പല തവണ തൊഴിലുടമയെ വിളിപ്പിച്ചെങ്കിലും ഇതുവരെയും അവർ ഹാജരാകാൻ കൂട്ടാക്കിയില്ല. ഈ സാഹചര്യത്തി ലാണ് എൻ ഐ എച്ച് ആർ ഈ പ്രശ്നത്തിൽ ഇടപെട്ടത്.
തുടർന്ന് പിള്ളയിൽ നിന്ന് മൊഴിയെടുക്കുകയും ഇദ്ദേഹത്തിനെതിരെയുള്ള കേസുകൾ മനുഷ്യാവകാശലംഘനവുമാണെന്ന് കണ്ടെത്തുകയും ചെയ്തതിനെ തുടർന്നാണ് എൻ ഐ എച്ച് ആർ ഇദ്ദേഹത്തെ രണ്ടാഴ്ചത്തേക്ക് എൽ എം ആർ എയുടെ അഭയ കേന്ദ്രത്തിലാക്കുകയും നാട്ടിലയക്കാനുള്ള നടപടികളും സ്വീകരിച്ചത്. കേസുകൾ മരവിപ്പിച്ചതോടെ ഇന്ത്യൻ എംബസി ഔട്ട് പാസും വിമാന ടിക്കറ്റും നൽകി ഇദ്ദേഹത്തെ നാട്ടിലേയ്ക്കുകയായിരുന്നു.
എൻ ഐ എച്ച് ആർ യിൽ പ്രതീക്ഷയർപ്പിച്ച് നളരാജനും
സുരേന്ദ്രൻ പിള്ളയുടെ യാത്രാനിരോധനം ഉൾപ്പെടെയുള്ള പ്രശ്നം പരിഹരിക്കപ്പെട്ട് അദ്ദേഹം നാട്ടിലേയ്ക്ക് മടങ്ങിയപ്പോൾ കടബാധ്യതകൾ ഉൾപ്പെടെയുള്ള നിരവധി സാമ്പത്തിക കേസുകളിൽ ഉൾപ്പെട്ട് നാട്ടിലേയ്ക്ക് പോകാൻ കഴിയാതെ രോഗാതുരമായ അവസ്‌ഥയിൽ ബഹ്‌റൈനിൽ കഴിയുന്ന തലശേരി സ്വദേശി നളരാജനും പ്രതീക്ഷയുടെ തിളക്കത്തിൽ ആണുള്ളത്. കണ്ണ് പോലും കാണാൻ കഴിയാതെ ഏതാനും യുവാക്കളുടെ ദയാവായ്‌പിൽ കഴിയുന്ന തനിക്കും ജനിച്ച മണ്ണിലേക്ക് മടങ്ങാനുള്ള സാഹചര്യം ഉണ്ടാക്കാനുള്ള വഴി ഒരുക്കിതരണമെന്നാണ് നളരാജൻ പറയുന്നത്. സിത്രയിൽ ആരംഭിച്ച ബേക്കറി ബിസിനസ് നഷ്ടത്തിലായതോടെയാണ് പലർക്കും പണം കൊടുക്കാൻ ആകാതെ നളരാജൻ ജയിലിൽ ആയത്. അവിടെ നിന്ന് ജാമ്യത്തിൽ പുറത്തിറങ്ങിയപ്പോഴേക്കും ബേക്കറിയിൽ വാങ്ങിച്ചിരുന്ന ലക്ഷങ്ങൾ വില വരുന്ന മെഷിനറികൾ അടക്കം പാർട്ട്ണർമാർ കൊണ്ടുപോയി എന്നും തന്റെ ചെക്ക് ഉപയോഗിച്ച് കള്ളക്കേസുകൾ ഉണ്ടാക്കുകയായിരുന്നുവെന്നും നളരാജൻ പറയുന്നു
ഫോർ പി എം ന്യൂസിൽ നളരാജനെ കുറിച്ച് വന്ന വാർത്ത ( ഫയൽ ചിത്രം)



