പ്രവാസി ചിട്ടിയെക്കാൾ മുൻഗണന നൽകേണ്ട കാര്യങ്ങൾ നിരവധി: അഷറഫ് താമരശ്ശേരി

രാജീവ് വെള്ളിക്കോത്ത്
മനാമ: പ്രവാസികൾക്ക് വേണ്ടി കെ.എസ്.എഫ്.ഇയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച പ്രവാസി ചിട്ടിയെക്കാളും മുൻഗണന ലഭിക്കേണ്ട പല കാര്യങ്ങളും ഇപ്പോഴും നടപ്പിലാക്കാതെ കിടക്കുകയാണെന്ന് യു.എ.ഇയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം ഐ.വൈ.സി.സി ഷുഹൈബ് പ്രവാസി മിത്ര അവാർഡ് ഏറ്റുവാങ്ങാൻ ബഹ്‌റൈനിലെത്തിയ അഷ്‌റഫ് താമരശ്ശേരി 4 പി.എം ന്യൂസുമായി നടത്തിയ അഭിമുഖത്തിലാണ് പ്രവാസികൾ ഇന്നും നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെപ്പറ്റി തുറന്ന് സംസാരിച്ചത്.
പതിനെട്ട് വർഷത്തോളം പ്രവാസ ജീവിതം നയിച്ച തനിക്ക് പ്രവാസ ലോകത്ത് നിന്നുള്ളവരുടെ നിരവധി ദുരിതകഥകളാണ് നേരിൽ കാണാൻ കഴിഞ്ഞിട്ടുള്ളത്. വർഷങ്ങളായി പ്രവാസലോകത്ത് വന്ന് കഷ്ടപ്പെട്ടിട്ടും പല കാരണങ്ങളാൽ ഒന്നും സന്പാദിക്കാനാകാതെ മടങ്ങേണ്ടി വരുന്നവർ. അങ്ങനെയാണ് മൃതദേഹങ്ങൾ നാട്ടിലയക്കാൻ നേതൃത്വം നൽകാൻ തുടങ്ങിയത്. ഇപ്പോഴും യു.എ.ഇയിൽ ആര് മരിച്ചാലും ആദ്യ വിളി എത്തുന്നത് തനിക്കാണ്. പലപ്പോഴും മൃതദേഹം നാട്ടിലയക്കേണ്ടുന്ന ചിലവുകൾ വഹിക്കാൻ കഴിയാത്ത അവസ്ഥയിലാണ് മരിച്ചവരുടെ പല ബന്ധുക്കളും. കൂടാതെ മൃതദേഹം നാട്ടിൽ വിമാനത്താവളത്തിലെത്തിച്ചാലും വീടുകളിലേയ്ക്ക് കൊണ്ട് പോകാൻ സ്വകാര്യ ആംബുലൻസ് വലിയ തുകയാണ് ഈടാക്കുന്നത്. അതുകൊണ്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചിലവും നാട്ടിലെത്തിയാൽ സർക്കാർ വക ആംബുലൻസും ഏർപ്പെടുത്തുകയാണ് സർക്കാർ ആദ്യം ചെയ്യേണ്ടത്. മൃതദേഹം അയക്കാനുള്ള ചിലവ് മരണപ്പെടുന്ന ആളുടെ കന്പനി വഹിക്കുകയാണെങ്കിൽ അതിന് ചിലവാകുന്ന പണം നാട്ടിലെ ബന്ധുക്കൾക്ക് നൽകണമെന്നാണ് തന്റെ അഭിപ്രായമെന്നും പ്രവാസി ചിട്ടിയുമായി ബന്ധപ്പെട്ട് അധികൃതരുമായി ഇക്കാര്യം പറഞ്ഞിരുന്നുവെന്നും അഷ്‌റഫ് പറഞ്ഞു.
കേരളത്തിലെ നിലവിലുള്ള മൂന്ന് എയർപോർട്ടുകളിലും സർക്കാർ വക ആംബുലൻസ് സംവിധാനം ഏർപ്പെടുത്തിയാൽ മരണപ്പെടുന്നവരുടെ നാട്ടിലെ ബന്ധുക്കൾക്ക് ഏറെ പ്രയോജനകരമായിരിക്കും. ബംഗ്ലാദേശ്, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാർ വിദേശത്ത് െവച്ച് മരിച്ചാൽ മൃതദേഹം തീർത്തും സൗജന്യമായാണ് കൊണ്ട്പോകുന്നത്. ഇക്കാര്യം പരിഗണിക്കാമെന്ന് അധികൃതർ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹം തൂക്കി നോക്കി പണം നിശ്ചയിക്കുന്ന രീതി ഒഴിവാക്കണം. മറ്റ് വിദേശ വിമാനക്കന്പനികളടക്കം മൃതദേഹം കൊണ്ടുപോകാൻ പ്രവാസികളോട് അനുകൂലമായ തീരുമാനമെടുക്കുന്പോൾ ഇന്ത്യയുടെ സ്വന്തം കന്പനികളോടെങ്കിലും സൗജന്യമായി മൃതദേഹം കൊണ്ടുപോകാനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നാണ് അധികൃതരോട് ആവശ്യപ്പെടുന്നത്. പ്രവാസികളോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കെതിരെ പ്രവാസികൾ ഒറ്റക്കെട്ടായി നിൽക്കുന്നതിനും ആശയ വിനിമയം നടത്തുന്നതിനുമായി അഷ്‌റഫ് താമരശ്ശേരി എന്ന പേരിൽ ഒരു വാട്ട്സ്ആപ്, ഫെയ്‌സ് ബുക്ക് കൂടായ്മ കഴിഞ്ഞ എട്ട് മാസമായി പ്രവർത്തിച്ചുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഷ്‌റഫ് ഏറ്റെടുത്തത് 4700ഓളം മൃതദേഹങ്ങളുടെ അനാഥത്വം
ആര് മരിച്ചാലും മൃതദേഹം അനാഥമാണ്. പ്രത്യേകിച്ച് ബന്ധുജനങ്ങൾ അധികമൊന്നും കൂടെയില്ലാത്ത പ്രവാസികൾ മരിച്ചാൽ. ആരുമില്ലാതെ, മോർച്ചറിയിൽ, എംബാം മുറിയിലോ, ഒറ്റപ്പെട്ട് കിടക്കുന്ന, വെള്ള വസ്ത്രത്തിൽ പൊതിഞ്ഞ് കിടക്കുന്ന ആ അവസ്ഥ കാണാനും ഏറ്റെടുക്കാനും അത്തരം മൃതദേഹങ്ങളുടെ നടപടി ക്രമങ്ങളുടെ പൂർത്തീകരണത്തിൽ ഒരാളുടെ സഹായവുമുണ്ടാകില്ല. ഭാര്യാഭർത്താക്കന്മാരിൽ ആരെങ്കിലും മരണപ്പെട്ടാൽ ബാക്കിയായവർ മരിച്ച ആഘാതത്തിലായിരിക്കും. ആരോട് പറയണം, എന്ത് ചെയ്യണം എന്ന് പോലും അറിയാത്ത നിമിഷങ്ങളിൽ അവർക്ക് ഒരത്താണിയായി അഷ്‌റഫ് എപ്പോഴും ഓടിയെത്തുന്നു. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രത്തിന്റെയും അതിർവരന്പുകളെ അതിലംഘിച്ചുകൊണ്ട് അഷ്‌റഫ് എത്തുന്നതോടെ മൃതദേഹം ഏത് വിധേനയും നാട്ടിലെത്തും എന്ന് ഉറപ്പിക്കാം.
കഴിഞ്ഞ പതിനെട്ട് വർഷമായി അഷറഫ് കർമ്മനിരതനാണ്. പ്രതിഫലമാഗ്രഹിക്കാത്ത, നിസ്വാർത്ഥ കർമ്മം. 4700ഓളം മൃതദേഹങ്ങളാണ് കോഴിക്കോട് മുതൽ ലണ്ടൻ വരെയുള്ള സ്ഥലങ്ങളിലേയ്ക്ക് അഷ്‌റഫ് ഇതുവരെ കയറ്റി അയച്ചത്. സ്വന്തം വാഹനത്തിൽ, മറ്റാരെയും ആശ്രയിക്കാതെ മരിച്ചവരുടെ കൂട്ടുകാരനായി...
അഷ്‌റഫിന്റെ പ്രവർത്തനങ്ങളെ മാനിച്ച് ഭാരത സർക്കാർ അദ്ദേഹത്തെ പ്രവാസി ഭാരതീയ പുരസ്കാരം നൽകി ആദരിച്ചു. വ്യവസായങ്ങളുടെയോ സ്ഥാനമാനങ്ങളുടെയോ പിൻബലമില്ലാതെ കോഴിക്കോട്ടുകാരനായ ഈ നാടൻ മനുഷ്യൻ നേടിയ പുരസ്‌കാരം, ഒരു പക്ഷെ, ഇന്ത്യാ ചരിത്രത്തിലെ അപൂർവ്വതയായിരിക്കും. ബഹ്‌റൈനിലെ യുവവജന സംഘടനയായ ഐ.വൈ.സി.യുടെ ആദ്യ പുരസ്കാരം കഴിഞ്ഞ ദിവസം അഷ്റഫിന് നൽകി ആദരിച്ചു.