ബി.ജെ.പിയെ പുറത്താക്കാൻ കോൺഗ്രസുമായി സഹകരിക്കുന്നതിൽ തെറ്റില്ല : മമതാ ബാനർജി

കൊൽക്കത്ത : ബി.ജെ.പിയെ കേന്ദ്രത്തിൽ നിന്ന് താഴെ ഇറക്കാൻ കോൺഗ്രസുമായി സഹകരിക്കുന്നതിൽ തെറ്റില്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി. തനിക്ക് സോണിയാ ഗാന്ധിയുമായി നല്ല ബന്ധമാണ് ഉള്ളത്. എന്നാൽ ജൂനിയറായ രാഹുലുമായി ഒന്നിച്ച് പ്രവർത്തിച്ചിട്ടില്ല. പ്രധാനമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് തൽക്കാലം അങ്ങനെയൊരു ആഗ്രഹമില്ലെന്നും അവർ പറഞ്ഞു. അത്തരം ചർച്ചകൾക്ക് പകരം ഒന്നിച്ച് പ്രവർത്തിക്കലാണ് പ്രധാനമെന്നും ഒരു അഭിമുഖത്തിൽ മമത വ്യക്തമാക്കി.
ആശയങ്ങളും ലക്ഷ്യങ്ങളും ശരിയായ ആരുമായും സഹകരിക്കാൻ തൃണമൂലിന് ഒരു പ്രശ്നവുമില്ല. തന്റെ ആഗ്രഹം എല്ലാ പ്രാദേശിക പാർട്ടികളും യോജിക്കണം എന്നുള്ളതാണ്. എന്നാൽ അത് താൻ മാത്രം തീരുമാനിക്കേണ്ട കാര്യമല്ല. എല്ലാ പ്രാദേശിക പാർട്ടികളും ചേർന്ന് തീരുമാനം എടുക്കണം. പ്രതിപക്ഷ പാർട്ടികളുടെ മഹാ സഖ്യം സാധ്യമാണ്. ബി.ജെ.പി മനുഷ്യരെ പീഡിപ്പിക്കുകയാണ്. ചില ബി.ജെ.പിക്കാർ പോലും അവരെ പിന്തുണയ്ക്കുന്നില്ല. നൂറുകണക്കിന് ഹിറ്റ്ലർമാരെപ്പോലെയാണ് അവർ ഭാവിക്കുന്നതെന്നും മമത കുറ്റപ്പെടുത്തി.
നേരത്തെ കോൺഗ്രസ് പ്രസിഡണ്ട് രാഹുൽ ഗാന്ധി ലോകസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സഖ്യ സാധ്യതകളെ കുറിച്ച് ബംഗാളിലെ കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഒരു വിഭാഗം നേതാക്കൾ തൃണമൂൽ കോൺഗ്രസുമായി സഖ്യം വേണമെന്ന നിലപാടായിരുന്നു. എന്നാൽ ബംഗാൾ പി.സി.സി പ്രസിഡണ്ട് ആധിർ രഞ്ജൻ ചൗധരി ഉൾപ്പടെയുള്ള നേതാക്കൾ തൃണമൂലുമായുള്ള സഖ്യത്തിന് എതിരാണ്.