ലക്ഷക്കണക്കിന് ദിനാർ കബളിപ്പിച്ച് കന്പനി ഉടമകൾ സ്ഥലം വിട്ടു
മനാമ : ലക്ഷക്കണക്കിന് ദിനാർ വില വരുന്ന നിത്യോപയോഗ സാധങ്ങൾ മുതൽ ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങൾ, ബിൽഡിംഗ് മെറ്റിരിയലുകൾ, ഹോം അപ്ലയൻസസ് തുടങ്ങി ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള സാധങ്ങൾ ഹോൾസെയിൽ വിലയിൽ പല കന്പനികളിൽ നിന്നും വാങ്ങി വൻകിട തട്ടിപ്പ് കന്പനി മുങ്ങി. ഏകദേശം 50ഓളം കന്പനികളിൽ പോസ്റ്റ് ഡേറ്റ് ചെക്ക് നൽകി അവരിൽ നിന്ന് സാധനങ്ങൾ വാങ്ങിയാണ് മലയാളികൾ അടക്കം ഉണ്ടെന്ന് കരുതുന്ന കോൺട്രാക്ടിംഗ് കന്പനി ഉടമകൾ സ്ഥലം വിട്ടിരിക്കുന്നത്.
2009ൽ ബഹ്റൈനിൽ രജിസ്റ്റർ ചെയ്തതായി കാണിച്ചിരിക്കുന്ന സ്ഥാപനം പല കന്പനികളിൽ സാധന സാമഗ്രികൾ നൽകാൻ കരാർ നൽകിയാണ് തട്ടിപ്പുകൾക്ക് തുടക്കം കുറിച്ചത്. ബിസിനസ് ബന്ധം ഉണ്ടാക്കാൻ താത്പര്യമുണ്ടെന്ന് അറിയിച്ചു കൊണ്ട് പല കന്പനി പ്രതിനിധികളെയും ബന്ധപ്പെടുകയും ചർച്ച നടത്തി സാധനങ്ങൾ വാങ്ങാൻ ഉടന്പടി ഉണ്ടാക്കുകയും ചെയ്യുന്നു. കൂട്ടത്തിൽ പ്രമുഖ ട്രാവൽ ഏജൻസികളിൽ നിന്ന് വിമാനടിക്കറ്റുകളും വാങ്ങാൻ താൽപ്പര്യം ഉണ്ടെന്ന് അറിയിക്കുകയും ചെയ്തു. നിലവാരമുള്ള ഓഫീസും മാന്യമായി ഇടപെടുന്ന കന്പനി ജീവനക്കാരും അടക്കം നിരവധി ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥാപനം എന്ന നിലയിൽ തീർത്തും വിശ്വാസ്യത പിടിച്ചുപറ്റിയാണ് കന്പനികളെ ഇവർ ക്ഷണിച്ചിരുന്നത്.
ആദ്യം പോസ്റ്റ് ഡേറ്റ് ചെക്കുകൾ നൽകുന്ന ഈ സ്ഥാപനം ഇത്തരം വിതരണക്കന്പനികളിൽ നിന്ന് സാധങ്ങൾ വാങ്ങിക്കഴിഞ്ഞ് കൃത്യമായ തീയതിയിൽ പണം ബാങ്കിൽ നിന്നും ക്ലിയർ ആക്കുന്നതോടെ വിതരണക്കന്പനികളുടെ വിശ്വാസ്യത നേടിയെടുക്കുന്നു. തുടർന്ന് കൂടിയ അളവിൽ സാധങ്ങൾ പർച്ചേയ്സ് ചെയ്യാൻ ആരംഭിക്കുകയും കൂടിയ തുകയ്ക്കുള്ള ചെക്കുകൾ നൽകുകയും ചെയ്യുന്നു. രണ്ടും മൂന്നും തവണ കൃത്യമായ രീതിയിൽ ബിസിനസ് നടക്കുന്നതോടെ വിലപിടിപ്പുള്ള പല സാധനങ്ങളും വാങ്ങാനുള്ള കരാറാണ് പല കന്പനികൾക്കും നൽകിയത്.
നിരവധി വിമാനടിക്കറ്റുകളും ഇവർ ട്രാവൽ ഏജൻസികളിൽ നിന്ന് തരപ്പെടുത്തുകയും ചെയ്തു. ചെക്കുകൾ എല്ലാം നൽകിയത് ഈദ് അവധി കഴിഞ്ഞുള്ള ദിവസങ്ങളിലായിരുന്നു. ഈദ് അവധി കഴിഞ്ഞ് ചെക്ക് മാറാൻ വിതരണ കന്പനികൾ ബാങ്കിൽ എത്തിയപ്പോഴാണ് കന്പനി നൽകിയിരിക്കുന്ന പല അക്കൗണ്ടുകളും നിർത്തലാക്കിയതായി മനസ്സിലായത്. തുടർന്ന് സ്ഥാപനത്തിൽ ചെന്ന് നോക്കിയപ്പോൾ കന്പനി അടച്ച് ഉടമകളും ജീവനക്കാരും സ്ഥലം വിട്ടിരുന്നു. തുടർന്നാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി പലർക്കും മനസ്സിലായത്. 5000 ദിനാർ മുതൽ 42,000 ദിനാർ വരെ ലഭിക്കാനുള്ളവർ ഇക്കൂട്ടത്തിൽ ഉണ്ട്. നിർമ്മാണ സാമഗ്രികൾ, ലാപ് ടോപ്പുകൾ, ഐ ഫോണുകൾ, എയർ കണ്ടീഷണറുകൾ മുതൽ മൊത്തമായി അരി വരെ ചില സ്ഥാപനങ്ങളിൽ നിന്ന് വാങ്ങിയിട്ടുണ്ട്. ഇതെല്ലം ഇടത്തരം കന്പനികളുമാണ്. നിരവധി മലയാളികൾ ഉൾപ്പെട്ട കന്പനികളും അക്കൂട്ടത്തിൽ ഉണ്ട്.
ഈ പ്രശ്നത്തിന്റെ പേരിൽ ചില കന്പനികളിലെ സെയിൽ വിഭാഗത്തിന്റെ ചുമതലയുള്ള നിരവധി പേരുടെ ഭാവിയാണ് അവതാളത്തിലായിരിക്കുന്നത്. വാർത്ത പുറത്ത് വരുന്നതോടെ വരും ദിവസങ്ങളിൽ തട്ടിപ്പിനിരയായ കൂടുതൽ കന്പനികൾ രംഗത്ത് വരാനാണ് സാധ്യത. നിലവിൽ തട്ടിപ്പിന് ഇരയായവർ എല്ലാം വിവിധ പോലീസ് േസ്റ്റഷനുകളിൽ പരാതി നൽകുകയും യോഗം ചേർന്ന് ഭാവി കാര്യങ്ങൾ തീരുമാനിക്കാനിരിക്കുകയുമാണ്. അതേസമയം ബുക്കുവരയിലെ പൂട്ടിയ കന്പനി ഉടമകൾ പർച്ചേയ്സ് ചെയ്ത ടൺ കണക്കിന് സാധങ്ങളുമായി സൗദിയിലേയ്ക്ക് കടന്നുവെന്ന് സംശയിക്കപ്പെടുന്നതായി തട്ടിപ്പിനിരയായവർ പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചു.



