സുന്ദരേശന് വീടും തയ്യിൽ മെഷീനും നൽകാൻ തയ്യാർ : ആന്റോ ആന്റണി എം.പി.

മനാമ : 34 വർഷമായി ബഹ്റൈനിൽ ദുരിത ജീവിതം നയിക്കുന്നതിനിടെ സാമൂഹ്യ പ്രവർത്തകൻ സലാം മന്പാട്ട്മൂല ജീവിതത്തിലേയ്ക്ക് തിരികെയെത്തിക്കുകയും തുടർന്ന് എല്ലാ രേഖകളും തയ്യാറാക്കി നാട്ടിലേക്ക് തിരികെ പോകാനൊരുങ്ങുകയും ചെയ്യുന്ന അടൂർ സ്വദേശി സുന്ദരേശന് നാട്ടിൽ വീടും, ജോലി ചെയ്യുവാനായി തയ്യൽ മെഷീനും നൽകാൻ തയ്യാറാണെന്ന് ആന്റോ ആന്റണി എം.പി അറിയിച്ചു. ഒ.ഐ.സി.സി പത്തനംതിട്ട ജില്ലയുടെ പ്രവാസോത്സവ് പരിപാടിയിൽ സംബന്ധിക്കാൻ ബഹ്റൈനിലെത്തിയ ആന്റോ ആന്റണിയുടെ ശ്രദ്ധയിൽ സുന്ദരേശന്റെ വിഷയം, ബി.കെ.എസ് ചാരിറ്റി കമ്മിറ്റിഭാരവാഹികളും സലാം മന്പാട്ടുമൂലയും ഒ.ഐ.സി.സി ബിനു കുന്നംന്താനത്തിന്റെ സാന്നിധ്യത്തിൽ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഒ.ഐ.സി.സി ഓഫീസിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് എം.പി തന്റെ ലോകസഭാ നിയോജക മണ്ധലത്തിന്റെ പരിധിയിൽ വരുന്ന സുന്ദരേശന്റെ കാര്യത്തിൽ ഈ തീരുമാനം അറിയിച്ചത്.
സുന്ദരേശന് ഇപ്പോൾ സംരക്ഷണം നൽകുകയും നാട്ടിലേയ്ക്ക് പോകുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തുവരുന്ന സാമൂഹിക പ്രവർത്തകനായ സലാം മന്പാട്ടുമൂല, സമാജം വൈസ് പ്രസിഡണ്ട് പി.എൻ. മോഹൻരാജ്, ചാരിറ്റി വിഭാഗം കൺവീനർ കെ.ടി സലിം, ചാരിറ്റി കമ്മിറ്റി അംഗം സതീന്ദ്രൻ, ഒ.ഐ.സി.സി ദേശീയ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം അടക്കമുള്ള നേതാക്കൾ എന്നിവരും എം.പിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ബഹ്റൈൻ പ്രവാസി കൂട്ടായ്മകളുടെ സഹകരണത്തോടെ ചുരുങ്ങിയത് മൂന്ന് സെന്റ് സ്ഥലം ലഭ്യമായാൽ സുന്ദരേശന് ഭാവി ജീവിതത്തിന് നാട്ടിൽ വീടെന്ന ആഗ്രഹം യാഥാർത്ഥ്യമാകും.