‘മാണിക്യ മലരായ ഈദ് ഇശൽ’ സംഗീത പരിപാടി സംഘടിപ്പിച്ചു

മനാമ: ചെറിയ പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ബഹ്റൈൻ കേരളീയ സമാജം വനിതാവേദിയുടെ നേതൃത്വത്തിൽ ‘മാണിക്യ മലരായ ഈദ് ഇശൽ’ എന്ന സംഗീത പരിപാടി സംഘടിപ്പിച്ചു. പാചകകലയിൽ നൈപുണ്യമുള്ള വീട്ടമ്മമാരും പാചകവിദഗ്ദരായ പുരുഷന്മാരും പങ്കെടുത്ത, രുചിഭേദങ്ങളുടെ ബിരിയാണി മത്സരവും, ബഹ്റൈനിലെ പ്രമുഖ ഗായക സംഘങ്ങൾ പങ്കെടുത്ത മാപ്പിളപ്പാട്ട് മത്സരവും വിവിധ സാംസ്കാരിക കൂട്ടായ്മകളുടെ ഒപ്പന മത്സരവും നടന്നു.
മുപ്പതോളം പേർ പങ്കെടുത്ത ബിരിയാണി മത്സരത്തിൽ മായ ഉദയൻ ഒന്നാം സ്ഥാനവും സിജി ബിനു, ആബിദാ സഗീർ എന്നിവർക്ക് രണ്ടാം സ്ഥാനവും, സുധ ഉദയൻ, ശ്വേത എന്നിവരുടെ ടീമിന് മുന്നാം സ്ഥാനവും ലഭിച്ചു. മാപ്പിളപ്പാട്ട് മത്സരത്തിൽ സുലൈമാനി ടീം ഒന്നാം സ്ഥാനവും സാമറിൻസ് ഗുരുവായൂരപ്പൻ കോളേജ് അലൂമിനി രണ്ടാം സ്ഥാനവും ബി.കെ.എസ് ചിൽഡ്രൻസ് വിംഗ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒപ്പന മത്സരത്തിൽ സാമറിൻസ് ഗുരുവായൂരപ്പൻ കോളേജ് അലൂമിനി ഒന്നാം സ്ഥാനവും ബി.കെ.എസ് ചിൽഡ്രൻസ് വിംഗ് രണ്ടാം സ്ഥാനവും എം.എം.എം.ഇ മൂന്നാം സ്ഥാനവും നേടി. ഒപ്പന മത്സരത്തിലെ മികച്ച മണവാട്ടിയായി മറിയം ഖമീസിനെ തിരഞ്ഞെടുത്തു.
ആഘോഷ പരിപാടികളുടെ ഭാഗമായി നടന്ന പ്രത്യേക ചടങ്ങിൽ വെച്ച് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി എം.പി രഘു, വൈസ് പ്രസിഡണ്ട് പി.എൻ മോഹൻരാജ്, വനിതാ വേദി പ്രസിഡണ്ട് മോഹിനി തോമസ്, ജനറൽ സെക്രട്ടറി രജിത അനി എന്നിവരും മറ്റ് ഭരണസമിതിയംഗങ്ങളും ചടങ്ങിൽ സം
ബന്ധിച്ചു. പ്രശസ്ത ഗായകരായ സജിലി സലിം, സലീൽ സലിം, കണ്ണൂർ മമ്മാലി എന്നിവർ നയിച്ച ഇശൽ നിശയും അരങ്ങേറി.