കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്ന് റെയിൽവേ മന്ത്രി

ന്യുഡൽഹി : കഞ്ചിക്കോട്ടെ നിർദ്ദിഷ്ട കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ. അന്തിമ തീരമാനം എടുത്തിട്ടില്ല. നിലവിൽ സർക്കാർ നിലപാട് അനുകൂലമാണ്. ചർച്ചകൾ തുടരുകയാണ്. എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷമായിരിക്കും അന്തിമ നിലപാടെന്നും മന്ത്രി വ്യക്തമാക്കി. ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. നിലവിലുള്ള കോച്ച് ഫാക്ടറികൾ മുഖേന ഇപ്പോഴും സമീപഭാവിയിലും റെയിൽവേയ്ക്ക് ആവശ്യമായ കോച്ചുകൾ നിർമ്മിക്കാമെന്നും പുതിയ ഫാക്ടറികൾ ആവശ്യമില്ലെന്നും പീയുഷ് ഗോയൽ നേരത്തെ എം.ബി രാജേഷ് എം.പിയെ അറിയിച്ചിരുന്നു. ഇതോടെയാണ് കോച്ച് ഫാക്ടറി ഉപേക്ഷിച്ചതായി റിപ്പോർട്ടുകൾ വന്നത്.
റെയിൽവേ വികസന കാര്യത്തിൽ കേരളത്തിന്റെ സമീപനം ശരിയല്ല. ഭൂമിയേറ്റെടുക്കലടക്കമുള്ള കാര്യങ്ങളിൽ സംസ്ഥാനം ജാഗ്രത പുലർത്തുന്നില്ല. ഭൂമിയേറ്റെടുക്കുന്നതിൽ സർക്കാർ വിമുഖത കാട്ടുകയാണ്. സംസ്ഥാന സർക്കാർ മുന്നിട്ടിറങ്ങിയിൽ മാത്രമെ കേന്ദ്രത്തിന് എന്തെങ്കിലും ചെയ്യാൻ സാധിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
അതേസമയം പീയുഷ് ഗോയൽ ഗുദ്ധമായ നുണയാണ് പറയുന്നതെന്ന് എം.ബി രാജേഷ് പ്രതികരിച്ചു. തന്നോട് നേരത്തെ അറിയിച്ചതിന് വിരുദ്ധമായ മറുപടിയാണ് ഇപ്പോൾ അദ്ദേഹം പറയുന്നത്. സ്വകാര്യ പങ്കാളിയെ കിട്ടുന്നില്ലെന്നാണ് ആദ്യം പറഞ്ഞിരുന്നത്. കേന്ദ്രസർക്കാരിനും റെയിൽവേയ്ക്കും അതിന് കഴിയാതെ വന്നതോടെയാണ് താൻ ഇടപ്പെട്ട് സ്വകാര്യ പങ്കാളിയെ കൊണ്ടുവന്നത്. അത് റെയിൽവേ നിരസിച്ചു. ഭൂമി ഏറ്റെടുത്തിട്ടില്ലെന്ന വാദവും ശരിയല്ല. 239 ഏക്കറിൽ അധികം സ്ഥലം ഏറ്റെടുത്ത് കൈമാറിയിട്ടുണ്ടെന്നും എം.ബി രാജേഷ് എം.പി പറഞ്ഞു.
കഞ്ചിക്കോട് ഫാക്ടറിക്ക് തറക്കല്ലിട്ടിട്ട് ആറ് വർഷമായെങ്കിലും ഇതുവരെ പ്രവർത്തനം തുടങ്ങിയിട്ടില്ല. ഇതിനിടെ റായ്ബറേലി ഉൾപ്പെടെ രണ്ട് പുതിയ കോച്ച് ഫാക്ടറികൾ അനുവദിക്കുകയും അവിടെ കോച്ച് നിർമ്മാണം തുടങ്ങുകയും ചെയ്തു. കൂടാതെ പുതിയ കോച്ച് ഫാക്ടറി അനുവദിക്കുകയും ചെയ്തു.