ചരിത്രം കുറിച്ച് ഗൾഫ് എയർ
മനാമ: ഗൾഫ് എയറിന്റെ ആദ്യ ബോയിംഗ് 787−9 ഡ്രീംലൈനർ ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ ഇന്നലെ ലാൻഡ് ചെയ്തതോടെ ഏവരും ഒരു ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ചു. അമേരിക്കയിലെ ബോയിംഗ് ഫാക്ടറിയിൽ നിന്ന് പറന്നുയർന്ന വിമാനം പ്രാദേശിക സമയം വൈകീട്ട് മൂന്ന് മണിയോടെയാണ് ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ ഇറക്കിയത്.
മാധ്യമ പ്രവർത്തകരുടെയും മറ്റ് വ്യോമയാന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ഡ്രീംലൈനറിനെ ഒരു പരന്പരാഗത വാട്ടർ പീരങ്കി സല്യൂട്ടിലൂടെ സ്വാഗതം ചെയ്തു. വി.ഐ.പികൾ, ഉന്നതർ, സർക്കാർ പ്രതിനിധികൾ, വ്യോമയാന വ്യവസായ പ്രതിനിധികൾ, മാധ്യമ പ്രവർത്തകർ എന്നിവർ എയർപോർട്ട് ടെർമിനലിൽ വിമാനം സ്വാഗതം ചെയ്തു.
ഗൾഫ് എയറിന്റെ ഉൽപ്പന്നങ്ങളും സർവ്വീസ് ഓഫറുകളും യാത്രക്കാരന്റെ അനുഭവവും ഉയർത്താൻ മാത്രമല്ല, തങ്ങളുടെ ശൃംഖല തന്ത്രപ്രധാനമായ രീതിയിൽ വിപുലീകരിക്കാനും സാധിക്കുന്ന ഗൾഫ് എയറിന്റെ ഏറ്റവും പുതിയ വിമാനത്തെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷിക്കുന്നുവെന്ന് ഗൾഫ് എയർ ചെയർമാനും വ്യവസായ, വാണിജ്യ, ടൂറിസം വകുപ്പ് മന്ത്രി സയ്യിദ് ആർ. അൽ സയാനി പറഞ്ഞു. ആഭ, അലക്സാണ്ട്രിയ, ബാകു, ബാംഗ്ലൂർ, കോഴിക്കോട്, കാസബ്ലാങ്ക, ഷാർമ് എൽ ഷെയ്ഖ്, തബൂക്ക് എന്നിവിടങ്ങളിലേയ്ക്ക് ഗൾഫ് എയർ, ഈ വർഷം പുതിയ റൂട്ടുകൾ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.