മുഹറഖിലെ പാർക്കുകളിൽ പ്രവേശന ഫീസ് ഏർപ്പെടുത്തുന്നു

മനാമ : മുഹറഖിലെ പാർക്കുകളും ഗാർഡനുകളും നടപ്പാതകളും സന്ദർശിക്കുന്നതിന് ഫീസ് ഏർപ്പെടുത്തുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി പാർക്കുകളിലെ പൊതുമുതലുകൾക്ക് സാമൂഹ്യ വിരുദ്ധർ വരുത്തിയ നാശനഷ്ടങ്ങളെത്തുടർന്നാണ് നടപടി. ഇന്നലെ ചേർന്ന മുഹറഖ് മുനിസിപ്പൽ കൗൺസിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പാർക്കുകളിൽ പ്രവേശിക്കുന്നതിന് 200 ഫിൽസ് എൻട്രി ഫീ നൽകണമെന്ന് ഇന്നലെ നടന്ന പ്രതിവാര സമ്മേളനത്തിൽ തീരുമാനമായി. മതിലുകളും പ്രവേശന കവാടങ്ങളുമില്ലാത്ത സ്ഥലങ്ങളിൽ ഈ വർഷം അവസാനത്തോടെ ഇവ സ്ഥാപിക്കുന്നതിന് ടെണ്ടർ നൽകാനും തീരുമാനമായി.
പൊതു ശൗചാലയങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിനായി ഇവ ഉപയോഗിക്കുന്നതിനും ഫീ ഏർപ്പെടുത്തണമെന്ന് സമ്മേളനത്തിൽ കൗൺസിലർമാർ ആവശ്യപ്പെട്ടു. പബ്ലിക് പാർക്കുകളും ഗാർഡനുകളും നടപ്പാതകളും സംരക്ഷിക്കുന്നതിന് എല്ലാവരും തയാറാകണമെന്ന് കൗൺസിൽ ചെയർമാൻ മുഹമ്മദ് അൽ സിനാൻ ആവശ്യപ്പെട്ടു. മുഹറഖ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ പാർക്കുകളുടെ അറ്റകുറ്റപ്പണികൾ നിർവഹിച്ചാലും ദിവസങ്ങൾക്കുള്ളിൽ അവ പൂർവസ്ഥിതിയിൽ ആകുന്നതായും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ മൗനം പാലിക്കാൻ സാധിക്കില്ലെന്നും ഇത്തരം പാർക്കുകളും സൗകര്യങ്ങളും ഉപയോഗിക്കുക എന്നത് ജനങ്ങളുടെ അവകാശമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രവേശന ഫീസ് ഏർപ്പെടുത്തുന്നതിലൂടെ നശീകരണ സ്വഭാവം ഒഴിവാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഫിനാൻഷ്യൽ− അഡ്മിനിസ്‌ട്രേറ്റിവ് ആൻഡ് ലെജിസ്ലേറ്റീവ് കമ്മിറ്റി ചെയർമാൻ ഖാസി അൽ മുർബതി പറഞ്ഞു. ഗവൺമെന്റിന് എല്ലായിപ്പോഴും ഇതിനായി പണം മുടക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ക്യാമറ, സെക്യുരിറ്റി ഗാർഡ് എന്നിവകൊണ്ട് പ്രശ്നത്തിന് പൂർണ്ണ പരിഹാരമാകില്ലെന്നും അതിനാലാണ് ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മാർക്കറ്റുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലുമുള്ള പൊതു ശൗചാലയങ്ങൾ പലതും നശിപ്പിക്കപ്പെടുന്നതായി മുഹറഖ് മുനിസിപ്പാലിറ്റി ആക്ടിംഗ് ഡയറക്ടർ ജനറൽ ഷെയ്ഖ് മുഹമ്മദ് ബിൻ അഹമ്മദ് അൽ ഖലീഫ പറഞ്ഞു. ഇതിന് പരിഹാരമെന്ന നിലയിൽ പൊതു ശൗചാലയങ്ങൾ ഉപയോഗിക്കുന്നതിന് ഫീ ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗവണ്മെന്റ് പുനർ നിർമ്മിക്കുമെന്ന ചിന്തയോടെ പൊതുമുതലുകൾ നശിപ്പിക്കുന്നത് തെറ്റായ പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു.