ഗവൺമെന്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പ്രായപരിധി ഏർപ്പെടുത്തണമെന്ന് എം.പിമാർ

മനാമ : സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 60 വയസിന് മുകളിലുള്ള പ്രവാസികളെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഒരു നിർദേശം സമർപ്പിച്ചതായി ഒരു വിഭാഗം എം.പിമാർ അറിയിച്ചു. പൊതു മേഖലയിൽ ജോലിചെയ്യുന്നവരുടെ പ്രായപരിധി 50 വയസാക്കണമെന്നുള്ള ബില്ല് കൗൺസിൽ വോട്ടിംഗിലൂടെ തള്ളി ഒരു വർഷം പൂർത്തിയാകുന്നതിനു മുന്നെയാണ് സമാനമായ നിർദേശം സമർപ്പിക്കപ്പെട്ടിരിക്കുന്നത്.
എം.പി ഡോ. ജമീല അൽ സമ്മാകും മറ്റ് നാല് എം.പിമാരും ചേർന്നാണ് നിർദേശം സമർപ്പിച്ചത്. 2014ന്റെ 48−ാം വകുപ്പിലെ ആർട്ടിക്കിൾ 11 ഭേദഗതി ചെയ്യാനാണ് നിർദേശം. ഇതുപ്രകാരം പൊതുസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 60 വയസിന് മുകളിലുള്ള പ്രവാസികളെ പിരിച്ചുവിടണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. സ്ഥാപനങ്ങൾ 60 വയസ് കഴിഞ്ഞ വിദേശികളുടെ തൊഴിൽ കരാറുകൾ റദ്ദാക്കുന്നതിലൂടെ ബഹ്‌റൈൻ പൗരന്മാർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭിക്കുമെന്ന് എം.പിമാർ പറഞ്ഞു.
നിലവിൽ ഇത്തരം സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതിന് പ്രായപരിധി ഇല്ല. എന്നാൽ പ്രവാസി തൊഴിലാളികൾക്കുള്ള ഉയർന്ന പ്രായപരിധി 60 വയസാക്കി നിശ്ചയിക്കാൻ നിയമഭേദഗതി കൊണ്ടുവരണമെന്ന് എം.പി ഡോ. ജമീല അൽ സമ്മാക് ആവശ്യപ്പെട്ടു.
വിദേശികൾ ഈ പദവികളിൽ ദീർഘകാലം ജോലി ചെയ്യുന്നതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇത് ഭരണഘടനയിലെ അടിസ്ഥാനതത്വങ്ങൾക്ക് വിരുദ്ധമാണെന്നും അവർ പറഞ്ഞു. സ്വദേശത്തെ സേവിക്കാൻ ആഗ്രഹിക്കുന്ന പൗരന്മാരെ ഇത് ദോഷകരമായി ബാധിക്കുന്നു എന്നും ജമീല അൽ സമ്മാക് പറഞ്ഞു. സർക്കാർ സ്ഥാപനങ്ങളിലെ ചുമതലകൾ വഹിക്കുന്നത് ഒരു ദേശീയ സേവനമാണെന്നും അവർ വ്യക്തമാക്കി. യോഗ്യതയുള്ള ബഹ്‌റൈൻ പൗരന്മാർ ഇല്ലാതിരുന്നാൽ ഒരു നിശ്ചിത കാലത്തേക്ക് വിദേശികൾക്ക് ഈ പദവികളിൽ നിയമനം നൽകണമെന്നും ഡോ. അൽ സമ്മാക് പറഞ്ഞു.
കഴിഞ്ഞവർഷം പൊതു മേഖലയിൽ ജോലിചെയ്യുന്നവരുടെ പ്രായപരിധി 50 വയസാക്കണമെന്നുള്ള ബില്ല് കൗൺസിലിൽ സമർപ്പിച്ചിരുന്നു. എന്നാൽ, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി, ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്‌ട്രി, ചില പ്രാദേശിക തൊഴിലാളി യൂണിയനുകൾ എന്നിവർ ഈ നിർദേശം നിരസിക്കുകയും ഇത് അന്താരാഷ്ട്ര തൊഴിൽ കൺവെൻഷന് വിരുദ്ധമായതിനാൽ തള്ളിക്കളയുകയും ചെയ്തു.