ലിഗയുടെ മരണം : പോലീസിന് ഗുരുതര വീഴ്ചയെന്ന് സഹോദരി ; സത്യം പുറത്തുകൊണ്ടുവരുമെന്ന് ഡി.ജി.പി

കൊല്ലം : കേരളത്തിൽ വച്ച് കാണാതാവുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത ലാത്്വിയ സ്വദേശിനി ലിഗ സ്‌ക്രോമെന്റെയുടെ കുടുംബം പോലീസിനെതിരെ. പോലീസിന്റെ അന്വേഷണത്തിൽ ഗുരുതര വീഴ്ചയെന്ന് കുടുംബം ആരോപിച്ചു. പരാതി നൽകി പത്ത് ദിവസം കഴിഞ്ഞാണ് അന്വേഷണം തുടങ്ങിയെന്ന് സഹോദരി ഇലീസ് വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി. പരാതി നൽകിയപ്പോൾ പോലീസ് ചിരിച്ചു തള്ളുകയായിരുന്നു. ലിഗയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും ഇലീസ് പറഞ്ഞു. ലിഗ കടുത്ത വിഷാദരോഗത്തിന് അടിമയായിരുന്നെങ്കിലും ഒരിക്കലും ജീവനൊടുക്കില്ല. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ലിഗയ്ക്ക് തനിച്ച് എത്താൻ സാധിക്കില്ല. ആരോ ഇവിടേക്ക് കൊണ്ടുവന്നതാകാമെന്നും ഇലീസ് പറഞ്ഞു.
കേസിൽ ഐ.ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഇലീസ് പറഞ്ഞു. ലിഗയുടേത് വിഷക്കായ കഴിച്ചുള്ള മരണമാകാമെന്ന കണ്ടെത്തൽ കെട്ടുകഥയെന്നും ഇലീസിന്റെ ഭർത്താവ് ആൻഡ്രൂസ് പറഞ്ഞു.
അതേസമയം കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും സത്യം പുറത്തു കൊണ്ടുവരുമെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. ലിഗയുടെ മരണകാരണം കണ്ടെത്താൻ ശാസ്ത്രീയമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. വളരെ സൂഷ്മമായി ഓരോ തെളിവുകളും പോലീസ് ശേഖരിക്കുന്നുണ്ട്. ഒരൽപം വൈകിയാലും പാളിച്ചകളില്ലാത്ത അന്വേഷണം നടത്തി ലിഗയുടെ മരണകാരണം കണ്ടെത്താനാണ് പോലീസ് ഇപ്പോൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇത് കേരളത്തിന്റെ അഭിമാനത്തിന്റെ പ്രശ്‌നമാണ്. വിദേശത്തു നിന്ന് കേരളത്തിൽ വന്ന ഒരു വനിതയ്ക്കാണ് ഇത്തരത്തിൽ ദുരന്തമുണ്ടായത്. ആ ഗൗരവം ഉൾക്കൊണ്ടു തന്നെയാണ് പോലീസ് വിഷയം പരിഗണിക്കുന്നതും അദ്ദേഹം പറഞ്ഞു.