സവിശേഷ കേരള മാതൃക സംരക്ഷിക്കുക : എം.പി ബിജു
മനാമ : ഇഎംഎസ് എന്ന ക്രാന്ത ദർശിയായ ഭരണാധികാരിയുടെ നേതൃത്വത്തിൽ കേരളത്തിൽ വികസിച്ചു വന്ന സവിശേഷമായ കേരള മാതൃക സംരക്ഷിക്കപ്പെടുക എന്നതാണ് ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് പി.കെ ബിജുഎം.പി. ബഹ്റൈൻ പ്രതിഭയുടെ നേതൃത്വത്തിൽ സ്വകാര്യ റസ്റ്റോറന്റ് ഹാളിൽ നടന്ന ഇഎംഎസ്, എകെജി അനുസ്മരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സവിശേഷ മാതൃക സംരക്ഷിക്കുവാനുള്ള പ്രയത്നത്തിൽ ആണ് പിണറായി വിജയന്റെ നേതൃത്വത്തിൽ ഉള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ. വിവേകാനന്ദൻ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച കേരളത്തെ ഇന്നത്തെ നിലയിലേയ്ക്ക് ഉയർത്തിയത് 57 മുതൽ ഉള്ള ഇടതുപക്ഷ സർക്കാരുകൾ വിദ്യാഭ്യാസ രംഗത്ത് നടത്തിയ ഇടപെടലുകൾകൊണ്ടാണ്. ഭ്രാന്താലയത്തിൽ നിന്നും നൂറു ശതമാനം സാക്ഷരതയുള്ള നാടായി കേരളം മാറി. മറ്റേതു ഇന്ത്യൻ സമൂഹത്തെക്കാൾ വിദ്യാഭ്യാസത്തിനു പ്രാധാന്യം കൊടുത്ത നാടാണ് കേരളം. ജനകീയ ആസൂത്രണവും, അധികാര വികേന്ദ്രീകരണവും, ആരോഗ്യ നയവും ഇതിൽ വലിയ പങ്കാണ് വഹിച്ചത്.
കേരളത്തിന്റെ മുഖച്ഛായ മാറ്റിയ ഈ പ്രക്രിയക്ക് നേതൃത്വം കൊടുത്ത നേതാവായിരുന്നു ഇഎംഎസ്. ഓക്സിജൻ കിട്ടാതെ കുട്ടികൾ പിടഞ്ഞുവീണു മരിച്ച യുപിയിൽ പതിനാറു ജില്ലക്ക് ഒരു മെഡിക്കൽ കോളേജ് ആണ് ഉള്ളത്. കേരളത്തിൽ ഇത്തരം ഒരു സ്ഥിതി സങ്കൽപ്പിക്കുവാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. സമൂഹത്തിനു ആവശ്യമുള്ളത് കൊടുക്കുവാൻ കഴിയുന്നുഎന്നതാണ് ഇടതുപക്ഷത്തിന്റെ നയം. രാജ്യത്തിന്റെ എഴുപത്തി മൂന്ന് ശതമാനം സന്പത്തും ഒരു ശതമാനം മാത്രം വരുന്ന അതി സന്പന്നരിൽ ആണ് ഉള്ളത്. ബാക്കി ഇരുപത്തി ഏഴു ശതമാനം മാത്രം ആണ് തൊണ്ണൂറ്റി ഒന്പതു ശതമാനം വരുന്ന ജനതയുടെ പക്കൽ ഉള്ളത്. ഈ സ്ഥിതി മാറണം. നാടിന്റെ വളർച്ച നാടിന്റെ ജീവിതത്തിൽ പ്രതിഫലിപ്പിക്കാൻ കഴിയണം എന്നാണ് ഇഎംഎസ് പഠിപ്പിച്ചത്. അത് സന്പന്നർക്ക് വളമേകുന്ന വളർച്ച ആകരുത്. നാടിന്റെ വളർച്ചക്കാണ് അധികാര വികേന്ദ്രീകരണവും ജനകീയ ആസൂത്രണവും നടപ്പിലാക്കിയത്. വികസന കാര്യത്തിൽ വികസിത മുതലാളിത്വ രാജ്യങ്ങൾക്കു പോലും മാതൃക സൃഷ്ടിച്ച ക്രാന്ത ദർശി ആയിരുന്നു ഇഎംഎസ്. എകെജി ഇന്ത്യൻ പാർലമെന്റിലെ ഇടതു പക്ഷത്തിന്റെ ശക്തി സ്രോതസ്സ് ആയിരുന്നു. കൃഷിക്കാരുടെ അവകാശങ്ങൾക്കു വേണ്ടിയായിരുന്നു എകെജി കൂടുതലും പോരാട്ടങ്ങൾ നടത്തിയത്.
ലോകമഹായുദ്ധത്തിൽ മരിച്ച ആളുകളേക്കാൾ കൂടുതൽ പേരാണ് ഇന്ത്യയിൽ കാർഷിക രംഗത്തെ തകർച്ച മൂലം ആത്മഹത്യ ചെയ്തത്. കൃഷിക്കാരുടെ പേരിൽ പണം തട്ടുന്നത് കാർഷിക മുതലാളിമാർ ആണ്. രാജ്യം ആകെ സാന്പത്തിക തട്ടിപ്പുകാരുടെ കൈകളിൽ അകപ്പെട്ടിരിക്കുകയാണ്. ഇതിനൊക്കെ എതിരെ പാർലമെന്റിൽ ഒരു ചർച്ച പോലും അനുവദിക്കുന്നില്ല. വർഗ്ഗീയതയ്ക്ക് എതിരായി, കേന്ദ്ര സർക്കാരിന്റെ അമിതാധികാരത്തിനു എതിരായി, കർഷകരുടെ അവകാശങ്ങൾക്കു വേണ്ടി നല്ല രീതിയിൽ പ്രക്ഷോഭം രജ്യത്തു ആകമാനം ഉയർന്നു വരുന്നുണ്ട്, മഹാനായ എകെജിയുടെയും, ഇഎംഎസ്സിന്റെയും സ്മരണകൾ ഇവയ്ക്കു ശക്തിപകരും എന്നും അദ്ദേഹം പറഞ്ഞു.
അനുസ്മരണ സമ്മേളനത്തിൽ പ്രതിഭ പ്രസിഡന്റ് മഹേഷ് അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ഷെരീഫ് കോഴിക്കോട് സ്വാഗതം പറഞ്ഞു. പ്രതിഭ വൈസ് പ്രസിഡന്റ് പി. ശ്രീജിത്ത് ആശംസ പ്രസംഗം നടത്തി. ബഹ്റൈൻ പ്രതിഭ ഏപ്രിൽ മാസത്തിൽ നടത്തുന്ന സംഗീത പരിപാടിയുടെ ലോഗോ പ്രകാശനവും ഇതോടനുബന്ധിച്ചു നടന്നു. പ്രതിഭ സ്വരലയയുടെ ആഭിമുഖ്യത്തിൽ സംഗീത പരിപാടിയും അരങ്ങേറി.

