പോലീസ് പട്രോളിംഗ് സംഘത്തെ ആക്രമിച്ച കേസിൽ ഏഴ് പേർ അറസ്റ്റിൽ
മനാമ : ബുധനാഴ്ച നോർത്തേൺ ഗവർണറേറ്റിൽ പോലീസ് പട്രോളിംഗ് സംഘത്തെ ആക്രമിച്ച കേസിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാർച്ച് 21ന് ദിറാസിൽ നടന്ന ആക്രമണത്തിൽ ഒരു പോലീസുകാരന് പരിക്കേറ്റതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ഡയറക്ടർ ജനറൽ കേണൽ അബ്ദുൾ അസീസ് അൽ റുമൈ അറിയിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങളും മറ്റ് സുപ്രധാന തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചതായി അൽ റുമൈ പറഞ്ഞു. ക്രൈം സീൻ സ്പെഷ്യലിസ്റ്റും മറ്റ് സുരക്ഷാ അംഗങ്ങളും ഉൾപ്പെടുന്ന അന്വേഷണ സംഘം പ്രതികളെന്ന് സംശയിക്കുന്നവരെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നെന്നും ഡയറക്ടർ ജനറൽ പറഞ്ഞു. പബ്ലിക്ക് പ്രോസിക്യൂഷൻ കേസ് അന്വേഷനത്തിനാവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ദിറാസിന് സമീപത്തുനടന്ന സമാനമായ ആക്രമണത്തിൽ അബ്ദുൾ റഷീദ് ഹാജി (31) എന്ന പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടിരുന്നു. പോലീസുദ്യോഗസ്ഥരെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിന് ശേഷം ആക്രമണകാരികളെ അറസ്റ്റു ചെയ്യുകയും, സൂത്രധാരനെ കണ്ടെത്തുകയും ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ ഇറാനിൽ അഭയം തേടിയിരിക്കുകയാണ്.

