ഉപരിപഠനത്തിൻ്റെ ആശങ്കയിൽ ‘പ്ലസ് ടു’ പ്രവാസി രക്ഷിതാക്കൾ
രാജീവ് വെള്ളിക്കോത്ത്
മനാമ: പ്ലസ് ടു കഴിഞ്ഞ് ഉപരിപഠനത്തിനായി കാത്തിരിക്കുന്ന പ്രവാസി വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് ആശങ്കയുടെ നാളുകളാണ് ഇനി വരാനിരിക്കുന്നത്. പ്രത്യേകിച്ച് ബഹ്റൈനിൽ ഉപരിപഠന സാധ്യതകൾ വളരെ കുറവുള്ള രാജ്യയമായതു കൊണ്ടുതന്നെ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ പ്ലസ് ടു കഴിയുന്നതോടെ നാട്ടിലേയ്ക്ക് പോകാനാണ് ആഗ്രഹിക്കുന്നത്. പല രക്ഷിതാക്കളും മക്കൾ പ്ലസ് ടു പൂർത്തിയാകുന്നതോടെ പ്രവാസം തന്നെ അവസാനിപ്പിക്കുന്ന അവസ്ഥയും ഉണ്ട്. ചിലർ കുട്ടികൾക്കൊപ്പം മാതാവിനെ മാത്രം നാട്ടിലേയ്ക്ക് അയച്ച് ഒറ്റയ്ക്കുള്ള പ്രവാസം തുടരുകയും ചെയ്യുന്നു. അപൂർവ്വം ചിലരാകട്ടെ ബഹ്റിനിൽ തന്നെയുള്ള യൂണിവേഴ്സിറ്റികളിൽ പ്രവേശനം തരപ്പെടുത്തി ഉപരിപഠനത്തിലേയ്ക്ക് പ്രവേശിക്കുകയും തുടർന്ന് ബഹ്റിനിൽ തന്നെ ജോലി കരസ്ഥമാക്കാനുള്ള ശ്രമം നടത്തുകയും ചെയ്യുന്നുണ്ട്. ബഹ്റിനിൽ തന്നെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ഇവിടുത്തെ വിദ്യാഭ്യാസ രീതിയോടും ജീവിത രീതികളോടുമാണ് കൂടുതൽ താൽപ്പര്യം. വർഷങ്ങൾ പ്രവാസലോകത്ത് ജീവിച്ചു കൈയ്യിൽ കുറച്ചു സന്പാദ്യം ഉള്ളവരാണ് കുട്ടികളുടെ പഠനത്തിന്റെ പേരിൽ മാത്രം പ്രവാസം മതിയാക്കുന്നത്. ശരാശരി വരുമാനമുള്ള പ്രവാസികൾ ആവട്ടെ മക്കളെ നാട്ടിലെ ബന്ധുക്കളുടെ അടുത്തോ ഹോസ്റ്റലിൽ നിർത്തിയോ പഠിപ്പിക്കാൻ നിർബന്ധിതരാകുന്നു.
പ്രവാസലോകത്ത് പ്ലസ്ടു വരെയും പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് നാട്ടിലെ വിദ്യാർഥികളുമായി പൊരുത്തപ്പെട്ട് മുന്നോട്ട് പോകാനും ചില ബുദ്ധിമുട്ടുകൾ ഉണ്ടെന്നാണ് പല രക്ഷിതാക്കളും പറയുന്നത്. എൻആർഐ വിദ്യാർത്ഥികളെ പലപ്പോഴും രണ്ടാം തരക്കാരായി മാറ്റി നിർത്തുന്ന അവസ്ഥയാണ് നാട്ടിലുള്ള പല വിദ്യാഭ്യാസ സ്ഥാപനങ്ങളും പിന്തുടരുന്നത്. എൻആർഐ ക്വോട്ട എന്ന ഓമനപ്പേരുള്ളത് കൊണ്ട് തന്നെ ഗൾഫിൽ നിന്നും പോകുന്ന വിദ്യാർത്ഥികളെ പണം കായ്ക്കുന്ന മരം എന്ന രീതിയിലാണ് മറ്റു വിദ്യാർഥികളും അദ്ധ്യാപകരും നോക്കി കാണുന്നത്. ഉപരിപഠനത്തിന്റെ കാര്യത്തിൽ മാത്രമല്ല, പ്രവാസലോകത്തെ സ്കൂളുകളിൽ നിന്നും ടിസി വാങ്ങി നാട്ടിൽ ഏതു ക്ലാസിൽ ചേരുന്ന വിദ്യാർഥികൾക്കും ഈ വേർതിരിവ് അനുഭവപ്പെടുന്നുണ്ട്.ഇത്തരം കാരണങ്ങളാണ് പ്രവാസികളായ രക്ഷിതാക്കളെ ആശങ്കയിലാഴ്ത്തുന്നത്.
ഇന്ത്യയിൽ നിരവധി സർവ്വകലാശാലകൾ ഉണ്ടെങ്കിലും വിദ്യാർത്ഥികളുടെ അഭിരുചികൾക്ക് ഒത്തിണങ്ങിയ സർവ്വകലാശാലകളും കോഴ്സുകളും തിരഞ്ഞെടുത്താൽ മാത്രമേ അവരുടെ ഭാവിക്കു ഗുണകരമാവുകയുള്ളൂ എന്നാണ് വിദ്യാഭ്യാസ വിദഗ്ദ്ധർ പറയുന്നത്. നാട്ടിലെ വിദ്യാർത്ഥികൾക്ക് ഏതൊക്കെ കോഴ്സുകൾ ഏതൊക്കെ സർവ്വകലാശാലകളിൽ ഉണ്ടെന്നും അതിന്റെ പ്രവേശന രീതി ഏതൊക്കെയാണെന്നുമുള്ള കാര്യത്തിൽ അടിസ്ഥാനപരമായ അറിവുണ്ട്. അതുകൊണ്ടു തന്നെ പത്താം ക്ലാസ് കഴിയുന്നതോടെ അവർ അത്തരം കോഴ്സുകൾ ലക്ഷ്യമാക്കി മുന്നോട്ട് നീങ്ങുന്നുമുണ്ട്. പ്രവാസലോകത്ത് പ്ലസ് ടു എങ്ങനെ നല്ല മാർക്കോടെ ജയിക്കാം എന്നതാണ് അതുവരെയുള്ള വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കാഴ്ചപ്പാട്. അവസാന പരീക്ഷ ആകുന്പോഴാണ് നാട്ടിലേക്കുള്ള പറിച്ചു നടലിനെപ്പറ്റിയും ഉപരിപഠനത്തെപ്പറ്റിയുമൊക്കെയുള്ള ചിന്ത തന്നെ ഉണ്ടാകുന്നത്. തൊഴിലിടങ്ങളിലെ പ്രശ്നങ്ങൾ, പ്രവാസലോകത്തെ അവധി, പ്രവാസികളുടെ പൊതു സ്വഭാവം ഇവയൊക്കെയുമാണ് അതിനു കാരണം. അക്കാദമിക് അറിവുകൾ മാത്രമായി വിദ്യാർത്ഥികളുടെ ലോകം ചുരുങ്ങുകയും പൊതു വിജ്ഞാനത്തിലെ അജ്ഞതയും ഇന്ത്യയിലെ കുട്ടികളോട് കിടപിടിക്കാൻ കഴിയാത്ത അവസ്ഥയിലേക്കും പ്രവാസി വിദ്യാർത്ഥികളെ കൊണ്ടെത്തിക്കുന്നുണ്ട്.
മെഡിക്കൽ, എഞ്ചിനിയറിംഗ് എൻട്രൻസ് എഴുതുക എന്ന കടന്പയാണ് പ്രവാസി രക്ഷിതാക്കളെ ആശങ്കപ്പെടുത്തുന്ന മറ്റൊരു കടന്പ. ഇന്ത്യയിൽ മെഡിക്കൽ പ്രവേശനത്തിന് ‘നാഷണൽ എലിജിബിലിറ്റി− കം− എൻട്രൻസ് ടെസ്റ്റ് (നീറ്റ്) നിർബന്ധമാക്കിയതോടെ ഈ വർഷം മുതൽ മെഡിക്കൽ പ്രവേശനത്തിന് ഏകദേശ ധാരണ ആയിട്ടുണ്ട്. നിലവിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യങ്ങൾ ഉള്ളത് കൊണ്ട് പ്രാരംഭഘട്ടത്തിൽ അതിനുവേണ്ടിയുള്ള യാത്രയും ചിലവുകളും ചുരുക്കാൻ കഴിയുന്നു. ബഹ്റിനിൽ മെഡിക്കൽ പ്രവേശനത്തിന് പ്രവാസികൾക്ക് സാധ്യത വളരെ കുറവായതിനാൽ അത്തരത്തിൽ ഒരു നീക്കം തന്നെ നടക്കുന്നില്ല. പകരം, ഇന്ത്യയെഅപേക്ഷിച്ചു മെഡിക്കൽ ഫീസ് കുറവുള്ള ജോർജ്ജിയ, ഫിലിപ്പൈൻസ്, ചൈന തുടങ്ങിയ രാജ്യങ്ങളിൽ വിദ്യാർത്ഥികൾ പ്രവേശനം നേടിത്തുടങ്ങിയിട്ടുണ്ട്. മറ്റു രാജ്യങ്ങളിലെ കോഴ്സ് ഇന്ത്യയിൽ അംഗീകരിക്കുമെങ്കിലും നിലവിലെ നിയമം അനുസരിച്ച് നീറ്റ് പരീക്ഷയിൽ മിനിമം യോഗ്യത നേടിയവർക്ക് മാത്രമേ ഇന്ത്യ ഗവൺമെന്റ് വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം നേടുന്നതിനുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുകയുള്ളൂ. വിദേശ രാജ്യങ്ങളിൽ കോഴ്സുകൾ തിരഞ്ഞെടുക്കുന്നതിനും പ്രവേശനത്തിന്റെ മാനദണ്ധങ്ങളും ഫീസ് ഘടനയുമെല്ലാം അറിയുന്നതിനുവേണ്ടിയും ഇപ്പോൾ നിരവധി കൺസൾട്ടൻസി സ്ഥാപനങ്ങൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ ഓൺലൈൻ വഴിയും ഇത്തരം സൗകര്യങ്ങൾ ലഭ്യമാണ്. എന്നാൽ സ്ഥാപനങ്ങളുടെ അംഗീകാരം, നിലവാരം സംബന്ധിച്ച് വ്യക്തമായി അന്വേഷിച്ചതിനു ശേഷം മാത്രമേ വിദേശങ്ങളിലെ മെഡിക്കൽ കോഴ്സുകളിൽ പ്രവേശനം നേടാവൂ എന്നാണ് വിദ്യാഭ്യാസ വിദഗ്ദ്ധരുടെ അഭിപ്രായം.
എഞ്ചിനീയറിംഗ് പഠന രംഗത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ കേരളത്തിലും കർണ്ണാടക, തമിഴ്നാട് തുടങ്ങിയ നിരവധി കോളേജുകളിൽ സീറ്റുകൾ ലഭ്യമാണ്. കൂടാതെ എൻ ആർഐ വിഭാഗങ്ങൾക്ക് സംവരണവുമുണ്ട്. എഞ്ചിനീയറിംഗ് പ്രവേശനത്തിനു മാത്രമാണ് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണൻ പ്രവേശന പരീക്ഷ നടത്തുന്നത്. ബഹ്റിനിൽ അടക്കമുള്ള രാജ്യങ്ങളിൽ ഇപ്പോൾ മെഡിക്കൽ/ എഞ്ചിനിയറിംഗ് എൻട്രൻസ് പരീക്ഷകൾക്കായി പ്രത്യേക കോച്ചിംഗ് സെന്ററുകളും പ്രത്യേകം ഹ്രസ്വകാല കോഴ്സുകളും ആരംഭിച്ചിട്ടുണ്ട്. പ്ലസ് ടു പരീക്ഷ കഴിയുന്നതോടെ എൻട്രൻസ് പരീക്ഷകളുടെ തയ്യാറെടുപ്പിലായിരിക്കും വിദ്യാർത്ഥികൾ. അതേസമയം നാട്ടിലെ കോച്ചിംഗ് സെന്ററുകളിൽ പ്രവേശനം നേടിയവർ കുടുംബ സമേതം മടങ്ങുന്നതിനുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചു കഴിഞ്ഞു.

