നാലാം കാലിത്തീറ്റ കുംഭകോണക്കേസിലും ലാലു കുറ്റക്കാരൻ
റാഞ്ചി : കാലിത്തീറ്റ കുംഭകോണത്തിലെ നാലാമത്തെ കേസിലും ബിഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിനെ സി.ബി.ഐ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി. അതേസമയം മറ്റൊരു മുൻ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര അടക്കം അഞ്ച് പേരെ വെറുതെ വിട്ടു. ലാലുവിനുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും.
ദുംക ട്രഷറിയിൽ നിന്നും 1995നും 96 നും ഇടയിൽ 3.13 കോടി രൂപ വ്യാജ ബില്ലുകളും വൗച്ചറുകളും നൽകി അനധികൃതമായി പിൻവലിച്ച കേസിലാണ് കോടതി ഉത്തരവ്. 48 പേർക്കെതിരെയാണു കുറ്റപത്രം തയാറാക്കിയത്. വിചാരണ സമയത്ത് 14 പേർ മരിക്കുകയും രണ്ട് പേർ മാപ്പുസാക്ഷികളാവുകയും ചെയ്തതോടെ ഇവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ആറ് കാലിത്തീറ്റ കേസുകളിൽ മൂന്നെണ്ണത്തിൽ വിധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആദ്യ കേസിൽ ലാലുവിന് അഞ്ചര വർഷവും രണ്ടാം കേസിൽ മൂന്നര വർഷവും മൂന്നാം കേസിൽ അഞ്ച് വർഷവും തടവുശിക്ഷ ലഭിച്ചു. ജഗന്നാഥ് മിശ്രയും രണ്ട് കേസുകളിലാണ് ശിക്ഷിച്ചിട്ടുള്ളത്. കുംഭകോണവുമായി ബന്ധപ്പെട്ട് ഇനി രണ്ട് കേസുകൾ കൂടി കോടതിയുടെ പരിഗണനയിലുണ്ട്.
റാഞ്ചിയിലെ ബിർസമുണ്ട ജയിലിൽ കഴിയുന്ന ലാലുവിനെ ശനിയാഴ്ച രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചിരുന്നു. വിധി കേൾക്കാനായി ആശുപത്രിയിൽ നിന്ന് ലാലുവിനെ കോടതിയിൽ എത്തിക്കുകയായിരുന്നു.

