വാട്ടർഫ്രണ്ട് പദ്ധതിയുടെ മാസ്റ്റർ പ്ലാനിന് ബഹ്റൈൻ കിരീടാവകാശിയുടെ അംഗീകാരം
മനാമ: മനാമയിലെ കിംഗ് ഫൈസൽ തീരദേശ പാത മുതൽ മുഹറഖിലേക്ക് നീളുന്ന വൻ കിട പദ്ധതിയായ വാട്ടർഫ്രണ്ട് വികസന പദ്ധതിക്കായി തയ്യാറാക്കിയ മാസ്റ്റർ പ്ലാനിന് ബഹ്റൈൻ കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ അംഗീകാരം നൽകി. ഇന്നലെ നടന്ന ഹയർ അർബൻ പ്ലാനിംഗ് കമ്മിറ്റിയിൽ അദ്ധ്യക്ഷത വഹിക്കവെയാണ് മാസ്റ്റർ പ്ലാനിന് അദ്ദേഹം അനുമതി നൽകിയത്. ജുഫൈറിനും കിംഗ് ഫൈസൽ തീരദേശ പാതയ്ക്കുമിടയിൽ 14 കിലോമീറ്റർ നീണ്ട വാട്ടർഫ്രണ്ട് പദ്ധതിയെക്കുറിച്ചുള്ള വിശദമായ നിർദേശങ്ങൾ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൊതു ബീച്ചുകൾ, നടപ്പാതകൾ, പച്ചപ്പുള്ള പ്രദേശങ്ങൾ, ഭക്ഷണശാലകൾ, സൈക്ലിംഗിനും ഓട്ടത്തിനുമായുള്ള സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെ ധാരാളം സേവനങ്ങൾ പുതിയ വാട്ടർഫ്രണ്ട് വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
നഗര വികസനത്തിനും ജനങ്ങളുടെ അഭിവൃദ്ധിക്കും വേണ്ടി ഹയർ അർബൻ പ്ലാനിംഗ് കമ്മിറ്റി സുപ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് ഈ പദ്ധതി വ്യക്തമാക്കുന്നു.

